എറണാകുളം: പിറവം നിയോജകമണ്ഡലത്തിൽ വിവിധ കുടിവെള്ള പദ്ധതികൾക്കായി 290 കോടി രൂപയുടെ പദ്ധതിരേഖ സമർപ്പിച്ചു. ആമ്പല്ലൂര്‍, മണീട്, മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകള്‍ കേന്ദ്രമാക്കി പ്രതിദിനം 19  ദശലക്ഷം ലിറ്റര്‍ കുടിവെള്ളമെത്തിക്കാന്‍ 109.36 കോടി രൂപയുടെ പദ്ധതിക്ക് ഉടന്‍ അനുമതി നല്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.

നിയോജക മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികള്‍ക്ക് അര്‍ബന്‍ കുടിവെള്ള പദ്ധതിയ്ക്കു വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കാന്‍ നിർദ്ദേശം നൽകി. ജല്‍ജീവന്‍മിഷനില്‍ ഉള്‍പ്പെടുത്തി വിവിധ കുടിവെള്ള പദ്ധതികളുടെ ഉല്പാദന, സംഭരണ ശേഷികൾ വര്‍ദ്ധിപ്പിക്കും. കാലഹരണപ്പെട്ടതും ഉപയോഗ ശൂന്യമായ പൈപ്പ് ലൈനുകള്‍ പുന:സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കും. തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ 42.9 കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. ഇലഞ്ഞി, രാമമംഗലം – പാമ്പാക്കുട, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകള്‍ക്കായി യഥാക്രമം 31.8 കോടി രൂപ, 91.85 കോടി രൂപ, 6.17 കോടി രൂപയുടേയും പദ്ധതികൾ സമര്‍പ്പിച്ചു.

ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ 2024-ഓടെ പൂര്‍ത്തിയാക്കും. പദ്ധതിക്കായുള്ള ടാങ്കിന്റെ നിര്‍മാണത്തിനായുള്ള സ്ഥലം പഞ്ചായത്തുകള്‍ കണ്ടെത്തണം. യോഗത്തില്‍ വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയര്‍ സുധീര്‍, മൂവാറ്റുപുഴ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അനില്‍ കുമാര്‍, പ്രൊജക്ട് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആന്റണി പി.ജെ, മൂവാറ്റുപുഴ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.