എറണാകുളം ,കൊച്ചി കോര്‍പ്പറേഷൻ പരിധിയിലും മുന്‍സിപ്പാലിറ്റികളിലും വാക്സിനേഷൻ നിരക്ക് കുറഞ്ഞ പഞ്ചായത്തുകളിലും വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. തീരദേശ മേഖലയോട് ചേര്‍ന്ന പഞ്ചായത്തുകളിലും കൂടുതല്‍ ഊര്‍ജിതമായി വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജില്ലയില്‍ പായിപ്ര, വൈപ്പിൻ, എടവനക്കാട്, മുനമ്പം, നെല്ലിക്കുഴി, കോടനാട് പഞ്ചായത്തുകളിലാണ് 45 വയസ്സിനു മുകളില്‍ പ്രായമായ കൂടുതല്‍ ആളുകളെ വാക്സിനേറ്റ് ചെയ്യാനുള്ളത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ വാക്സിൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള 99.49 ശതമാനം ആളുകള്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള 79 ശതമാനം ആളുകള്‍ക്കും നിലവില്‍ വാക്സിൻ നല്‍കിയിട്ടുണ്ട്. ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ വാക്സിൻ ലഭ്യമാക്കാൻ ജില്ല കളക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓണക്കാലത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങളുമായി സഹകരിച്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കാൻ യോഗത്തില്‍ തീരുമാനമായി. വ്യാപാരികളെയും കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളെയും വാക്സിനേറ്റ് ചെയ്യും. ഇവർക്കായി കോവിഡ് പരിശോധനയും നടത്തും. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ പൂര്‍ണമായി വാക്സിനേറ്റ് ചെയ്യാനാവശ്യമായ നടപടികള്‍ സ്ഥാപന ഉടമകളുടെ സഹകരണത്തോടു കൂടി നടപ്പാക്കും.

ജില്ലയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുമെന്ന് ഉറപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ആര്‍.ആര്‍.ടി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഓണത്തോട അനുബന്ധിച്ച് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാൻ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കും.

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനായി യോഗം തീരുമാനിച്ചു. ടൗട്ടേ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ മേഖലകളിലെ നഷ്ടം കണക്കാക്കാൻ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.

കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, എ.സി.പി ഐശ്വര്യ ദോഗ്രേ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി എസ് ഒ ഡോ. എസ്. ശ്രീദേവി, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.ജി. ശിവദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.