മഹാമാരിക്കാലത്തെ ഡിജിറ്റൽ പഠനകാലഘട്ടത്തിൽ അധ്യാപന രീതിയിൽ മാറ്റങ്ങൾ വരുത്തി വിദ്യാഭ്യാസത്തെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സർക്കാർ ഒപ്പം ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. മരത്താക്കര സെൻ്റ് ജോസ് എ എൽ പി സ്കൂളിൽ പുതിയതായി നിർമിച്ച ഊട്ടുപുര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം ഡിജിറ്റൽ രീതിയിലേക്ക് മാറിയ സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ സാങ്കേതിക പഠനോപകരണങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 2019 -20 വർഷത്തെ എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഊട്ടുപുര നിർമിച്ചത്. സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സാങ്കേതിക പഠനോപകരണ വിതരണം പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ചടങ്ങിൽ തൃശൂർ എ ഇ ഒ പി എം ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് സി ജോയ്‌സി ജോസഫ്, വാർഡ് മെമ്പർ ഷീബ ഷാജൻ, സ്കൂൾ മാനേജർ ഫാ.സെബി പുത്തൂർ, ഫാദർ ജോയ് അടമ്പൂക്കളം, പി ടി എ പ്രസിഡന്റ് അലോഷ്യസ് കുറ്റിക്കാട്, പി.എസ്.സജിത്ത്, സിനി പ്രദീപ് കുമാർ,തുടങ്ങിയവർ സംസാരിച്ചു.