മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കുടുങ്ങിയ കൂട്ടായി സ്വദേശി ഹനീഫ കോയമാടത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാദിനൂര് വള്ളവും മൂന്ന് തൊഴിലാളികളെയുമാണ് കരയിലെത്തിച്ചത്.
ശനിയാഴ്ച്ച രാവിലെ 11 മണിയോടുകൂടിയാണ് രണ്ട് വള്ളങ്ങള്‍ കടലില്‍ കുടുങ്ങികിടക്കുന്നതായി ഫിഷറീസ് വകുപ്പിന് സന്ദേശം ലഭിച്ചത്. എന്നാല്‍ മൂന്ന് തൊഴിലാളികള്‍ ഉള്‍പ്പടെ കൂട്ടായി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ഖിദ്മത്ത് എന്ന വള്ളത്തിന്റെ എഞ്ചിന് പിന്നീട് പ്രവര്‍ത്തനക്ഷമമാകുകയും കരയിലേക്ക് ഓടിച്ചു വരികയും ചെയ്തു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍. എം.ചിത്രയുടെ നിര്‍ദേശാനുസരണം റസ്ക്യൂ ഗാര്‍ഡുമാരായ ജാഫറലി, സെമീര്‍ ബോട്ടിലെ തൊഴിലാളികളായ നാസര്‍, ശിഹാബ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ ബോട്ട് സജ്ജമാണെന്നും ബേപ്പൂരില്‍ സംഭവിച്ച അപകടത്തിന്റെ ദൃശ്യത്തോടൊപ്പം പ്രചരിക്കുന്ന പൊന്നാനിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് ലഭ്യമല്ല എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍.എം.ചിത്ര അറിയിച്ചു.