തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ കീഴ്കൊല്ല ക്ലസ്റ്ററിൽ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണു നഗരസഭയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്.
കോവിഡിൽ പ്രതിസന്ധി നേരിടുന്ന കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനു നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് എം.എൽ.എ. പറഞ്ഞു. വിള ഇൻഷ്വറൻസും കൃഷിക്കാർക്കുള്ള നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനു സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
പാവൽ, പടവലം, വെള്ളരി, കോവൽ, വെണ്ട, കത്തിരി, പച്ചമുളക്, വാഴ തുടങ്ങിയവയാണു വിളവെടുത്തത്. നഗരസഭയും കൃഷിവകുപ്പും ചേർന്ന് ഈ മാസം 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയിലൂടെയും പ്രാദേശിക വിപണികളിലൂടെയും ക്ലസ്റ്ററിന്റെ ഔട്ട്ലെറ്റ് വഴിയും ഇവ ലഭ്യമാകുമെന്നു നഗരസഭ കൃഷി ഓഫിസർ ടി. സജി പറഞ്ഞു. നാലു ക്ലസ്റ്ററുകളിലായി 15 ഹെക്ടറിലാണു കൃഷിയിറക്കിയത്.
ഉദ്ഘാടന ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു. പുല്ലാമല വാർഡ് കൗൺസിലർ സരള രത്നം, കൃഷി അസിസ്റ്റന്റുമാരായ എസ്. സുധീർ, ആർ. വിൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.