തിരുവനന്തപുരം: വർക്കല മണ്ഡലത്തിൽ അഡ്വ. വി ജോയ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17.79 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച കുടിവെള്ള പദ്ധതികൾ നാടിനു സമർപ്പിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ മുക്കം കോട്, നാവായിക്കുളം പഞ്ചായത്തിലെ കാറ്റാടിമുക്ക് -പയ്യൻമുക്ക് എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളും കെ.കെ. കോണംമലയിൽ നവീകരണം പൂർത്തിയാക്കിയ കുന്നുംപുറം കുടിവെള്ള പദ്ധതിയും എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഇതുവഴി കുടിവെള്ളം ലഭ്യമാകും. ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ്ബേബി ഗിരിജ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന തുടങ്ങിയവർ പങ്കെടുത്തു.