സംസ്ഥാന സര്‍ക്കാരിന്റെ ഗോത്രാരോഗ്യ വാരത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗോത്രവിഭാഗ ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യപ്രാധാന്യം നല്‍കി ‘ആദിവാസി ജനത- ആരോഗ്യ ജനത’ എന്ന സന്ദേശമുയര്‍ത്തിയാണു ഗോത്രാരോഗ്യവാരം നടത്തുന്നത്.
നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്‌സിനേഷന്‍ ഈ മാസം 15നകം പൂര്‍ത്തിയാക്കും.

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷനാണ് പൂര്‍ത്തീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, ഡി.ഡി.പി കെ.ആര്‍ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.