സംസ്ഥാനത്തെ മുഴുവന്‍ ലാന്‍ഡ് ബോര്‍ഡുകളേയും ലാന്‍ഡ് ട്രൈബ്യൂണലുകളേയും സജീവമാക്കി കെട്ടി കിടക്കുന്ന കേസുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.

വകുപ്പില്‍ നടപ്പാക്കുന്ന വിഷന്‍ ആന്‍ഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പട്ടയം ലഭിക്കാന്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാന്‍ ശ്രമിക്കും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്നുള്ളതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ആ നയം നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് വിഷന്‍ ആന്‍ഡ് മിഷന്‍ രൂപീകരിച്ചിട്ടുള്ളത്.

എംഎല്‍എമാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഒരു ഡാഷ്ബോര്‍ഡ് രൂപികരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, പട്ടയം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു. ജെനീഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ്, സര്‍വേ ഡയറക്ടര്‍, ഹൗസിംഗ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.