ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒന്നര കോടി രൂപ എസ്റ്റിമേറ്റില്‍ അടിയന്തരമായി ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നര കോടി രൂപ എസ്റ്റിമേറ്റില്‍ 2500 സ്‌ക്വയര്‍ ഫീറ്റിലാണ് ഐസലേഷന്‍ ബ്ലോക്ക് നിര്‍മിക്കുക. പ്രീ – ഫാബ് മെറ്റീരിയല്‍ ഉപയോഗിച്ച് ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഐസലേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം.

പകര്‍ച്ച വ്യാധി കാലത്ത് ഐസലേഷന്‍ ബ്ലോക്കായും, മറ്റു സമയങ്ങളില്‍ ആശുപത്രിയുടെ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 140 മണ്ഡലങ്ങളിലും ഐസലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുകയാണ്. അതിന്റെ ഭാഗമായി ആറന്മുള മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രമാണ്. അതിനായി ഉടന്‍ തന്നെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി എന്‍എച്ച്എമ്മിനെ ചുമതലപ്പെടുത്തി.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ആദ്യഘട്ടത്തിനായി അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. കൂടാതെ എന്‍എച്ച്എം അന്‍പതുലക്ഷത്തിന്റെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതു പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വാര്‍ഡ് അംഗം സജി തെക്കുംകര എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.