കൊച്ചി: ജില്ലയുടെ വടക്കേയറ്റത്തെ പഞ്ചായത്തായ പുത്തന്‍വേലിക്കരയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ് സ്‌റ്റേഷന്‍ കടവ് – വലിയ പഴം പള്ളി തുരുത്ത്പാലം. പ്രദേശവാസികളുടെ കഴിഞ്ഞ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന്റെയും പരിശ്രമത്തിന്റെയും വിജയം കൂടിയാണിത്. പുത്തന്‍വേലിക്കരയില്‍ നിന്നും ജില്ലാ ആസ്ഥാനമായ എറണാകുളത്തേക്കും താലൂക്ക് ആസ്ഥാനമായ പറവൂരിനും ഇനി ചുറ്റിക്കറങ്ങാതെ എളുപ്പത്തില്‍ എത്തിപ്പെടാം. പാലം വരുന്നതിനുമുമ്പ് മാഞ്ഞാലി വഴി ചുറ്റിക്കറങ്ങിയായിരുന്നു പറവൂരെത്തിയിരുന്നത്. ഇതിന് ഒരു മണിക്കൂറിനടുത്ത് സമയം വേണം. ബസ് ചാര്‍ജാണെങ്കില്‍ 20 രൂപയും. പാലത്തിലൂടെ കടന്നാല്‍ ചേന്ദമംഗലം വഴി പത്തു മിനിറ്റുകൊണ്ട് പറവൂരെത്താം. ബസ് ചാര്‍ജ് 10 രുപയും മതി. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് പാലം കൂടുതല്‍ ഗുണം ചെയ്യുന്നത്. മാനാഞ്ചേരിക്കുന്നിലെ പ്രസന്റേഷന്‍ കോളജിലേയും ചേന്ദമംഗലത്തെ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും സേവനം ഇനി പുത്തന്‍വേലിക്കരയിലെ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താം. സ്‌റ്റേഷന്‍കടവിലെ വിവേക ചന്ദ്രിക സഭ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പറവൂരില്‍ നിന്നും ചേന്ദമംഗലത്തു നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും. പറവൂരില്‍ നിന്നും ചാലക്കുടിയിലേക്കും മാളയിലേക്കും ഹൈവേയില്‍ കയറാതെ എളുപ്പത്തില്‍ എത്താനും സാധിക്കും. അങ്കമാലിയും ആലുവയും ഒഴിവാക്കി യാത്ര ചെയ്യാം. ഇത് ഹൈവേയിലെ ഗതാഗത തടസത്തിന് ചെറിയൊരു അളവില്‍ പരിഹാരവുമാകും. പറവൂരില്‍ നിന്നും 2 മണിക്കൂര്‍ കൊണ്ടാണ് ജനങ്ങള്‍ ചാലക്കുടിയിലെത്തിയിരുന്നത്. സ്‌റ്റേഷന്‍കടവ് പാലത്തിലൂടെയാണെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് സ്ഥലത്തെത്താം.
2010ലാണ് പാലത്തിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിച്ചത്. സാമ്പത്തിക പരാധീനതകള്‍ മൂലം ഇടയ്ക്കു വച്ച് കരാറുകാരന്‍ നിര്‍ത്തിപ്പോയി. പിന്നീട് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 2016 ല്‍ പണികള്‍ പുനരാരംഭിക്കുകയായിരുന്നു. പുത്തന്‍ വേലിക്കരയുടെ ഭൂമി ശാസ്ത്രപരമായും സാമ്പത്തികമായും സാമൂഹികവുമായും നിലനിന്നിരുന്ന പിന്നോക്കാവസ്ഥ പുതിയ പാലത്തിനു മാറ്റിയെടുക്കാന്‍ കഴിയുമെന്ന് പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.പി.ലാജു പറഞ്ഞു.