കൊച്ചി: മൂക്കന്നൂര്‍ പഞ്ചായത്തിലെ മഞ്ഞിക്കാട് പടര്‍ന്നു പിടിച്ച ഡങ്കുപ്പനി നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവല്‍കരണ ക്ലാസുകളും നടത്തുന്നുണ്ട്. മൂക്കന്നൂര്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകളിലാണ് പനി പടര്‍ന്നു പിടിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ പത്തു പേര്‍ക്കാണ് മഞ്ഞിക്കാട് ഡങ്കുപ്പനി സ്ഥിരീകരിച്ചത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റു 26 പേര്‍ പനി ബാധിച്ച് ചികിത്സയിലാണ്. ഇവര്‍ക്ക് ഡെങ്കു സ്ഥിരീകരിച്ചിട്ടില്ല. രോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ പ്രദേശത്ത് സംഘടിപ്പിച്ചു. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പനി ബാധിതര്‍ക്ക് സൗജന്യ മരുന്നുവിതരണം നടത്തി. ആയുര്‍വേദം അലോപ്പതി ഹോമിയോപ്പതി മരുന്നുകളാണ് വിതരണം നടത്തിയത്.
പ്രദേശത്തെ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. ദിവസവും വൈകീട്ട് ആറു മുതല്‍ ഏഴുവരെ പുകയിടല്‍ നിര്‍ബന്ധമാക്കി. മുഴുവന്‍ വീടുകളിലും ഫോഗിംഗ് നടത്തിയെന്ന് പഞ്ചായത്ത് ഉറപ്പു വരുത്തുന്നുണ്ട്. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി കൊതുകിന്റെ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വീടുകളില്‍ പുകയിടാനായി മരുന്നു വിതരണവും നടത്തി.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ജനങ്ങള്‍ക്ക് ബോധവല്‍കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഇന്നലെ പഞ്ചായത്തില്‍ നടന്ന ബോധവത്കരണ ക്ലാസ് ഡോ.സമീറ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശ പ്രവര്‍ത്തകര്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു ബോധവത്കരണ ക്ലാസുകള്‍. കുടിവെള്ളം ശുചീകരിക്കുന്നതിന്റെ ഭാഗമായി കിണറുകള്‍ ക്ലോറിനേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായതായി മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അറിയിച്ചു.
ക്യാപ്ഷന്‍: 1. മൂക്കന്നൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്