കൊച്ചി: കൈതാരം സര്‍വ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാന വിതരണം മുന്‍ കില ഡയറക്ടര്‍ ഡോ. രമാകാന്തന്‍ നിര്‍വ്വഹിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി കൈതാരം സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വിദ്യാഭ്യാസ കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ജനങ്ങളുടെ അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ്. സഹകരണ ബാങ്കുകളെയെല്ലാം സംയോജിപ്പിച്ച് കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന കേരളാ ബാങ്ക് ഇന്ത്യയുടെ ബാങ്കിംഗ് ചരിത്രത്തില്‍ വലിയൊരു കാല്‍വയ്പാണ്. നോട്ട് നിരോധനത്തെ കേരളത്തിന് ശക്തമായി നേരിടാന്‍ സാധിച്ചത് കരുത്തുള്ള ഒരു സഹകരണ മേഖല ഉള്ളതുകൊണ്ടാണ്. കേരള ജനതയുടെ അതിജീവന സാധ്യതകളെ വിപുലീകരിക്കുന്ന മേഖലയാണ് സഹകരണ സ്ഥാപനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.
സഹകരണ ബാങ്കിന് കീഴില്‍ നടപ്പാക്കി വരുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ വിതരണം ബാങ്ക് ഭരണ സമിതി അംഗം ബിന്ദു ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പരിധിയിലെ പത്ത് വാര്‍ഡുകളില്‍ നിന്നായി ഇരുപത് വിദ്യാര്‍ത്ഥികളാണ് ധനസഹായത്തിന് അര്‍ഹരായത്. നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവ് വഹിക്കുന്ന ബാങ്കിന്റെ പദ്ധതിയാണ് കാരുണ്യ സ്പര്‍ശം. 300, 600, 700 എന്നീ തുകകള്‍ എല്ലാ മാസവും വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താാവിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ പഠനോപകരണങ്ങള്‍ക്കുള്ള സഹായവും ബാങ്കില്‍ നിന്നും നല്‍കുന്നു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് നടപ്പാക്കുന്ന സൗജന്യ പച്ചക്കറിത്തൈ വിതരണം സി.പി.ഐ പറവൂര്‍ മണ്ഡലം സെക്രട്ടറി കെ.പി വിശ്വനാഥന്‍ നിര്‍വ്വഹിച്ചു. വനം വകുപ്പില്‍ നിന്ന് ലഭ്യമായ പയര്‍, തക്കാളി, വെണ്ട എന്നിവയടങ്ങിയ ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. ബാങ്കിന്റെ അതിര്‍ത്തിയില്‍ നല്ലൊരു പച്ചക്കറി തോട്ടം ഉത്പാദിപ്പിക്കുക, ഓണത്തിന് മുന്നോടിയായി വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. ബാങ്ക് ഉദ്യോഗസ്ഥര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തൈകള്‍ ലഭ്യമായവരുടെ വീടുകള്‍ സന്ദര്‍ശിച്ച് പച്ചക്കറി കൃഷിയുടെ വികസനങ്ങള്‍ നിരീക്ഷിക്കുന്നതാണ്. കൃഷിക്ക് വേണ്ടിയുള്ള വളങ്ങളും കീടനാശിനികളും സഹകരണ ബാങ്കില്‍ നിന്നും ലഭ്യമാക്കും. തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച കൈതാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചടങ്ങില്‍ ഉപഹാരം സമര്‍പ്പിച്ചു.
കൈതാരം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ബാങ്ക് വൈസ് പ്രസിഡന്റ് വി. ശിവശങ്കരന്‍ , സെക്രട്ടറി ലത മോഹന്‍, ബാങ്ക് ഭരണ സമിതി അംഗം ശ്രീകുമാരി രാമചന്ദ്രന്‍, ജീവനക്കാരുടെ പ്രതിനിധി പി.കെ സുരേന്ദ്രന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: കൈതാരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാന വിതരണം കില മുന്‍ ഡയറക്ടര്‍ ഡോ. രമാകാന്തന്‍ ഉദ്ഘാടനം ചെയ്യുന്നു.