*മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സന്ദർശിച്ചു

വലിയതുറ കടൽപ്പാലത്തിന്റെ പ്രതാപം വീണ്ടെടുക്കുമെന്നും നഗരവാസികൾക്ക് ഒരു സായാഹ്ന വിശ്രമ കേന്ദ്രം എന്ന നിലയിലും മത്സ്യബന്ധനത്തിന് സൗകര്യപ്രദമായ രീതിയിലും വികസിപ്പിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കടൽക്ഷോഭത്തെത്തുടർന്ന് നാശം നേരിട്ട വലിയതുറ കടൽപ്പാലം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം മന്ത്രി സന്ദർശിച്ചു.

തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദ്രവും ടൂറിസം ആകർഷണവുമായിരുന്നു ഒരു കാലത്ത് വലിയതുറ. എന്നാൽ നിരന്തര കടൽക്ഷോഭം കാരണം പാലത്തിന്റെ പത്ത് തൂണുകൾ താഴ്ന്ന നിലയിലാണ്. അതിനാൽ സന്ദർശകരെ അനുവദിക്കുന്നില്ല. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക പണികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും സന്ദർശകരെ അനുവദിക്കണമെന്നും ഒരു പ്രധാന ആകർഷണ കേന്ദ്രമായി നിലനിർത്തണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചു. തീരമേഖലയിലെ തുടരെയുള്ള കടൽക്ഷോഭത്തെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിമാർ ചർച്ച നടത്തി.

കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ സ്റ്റഡി നടത്താൻ ഐ ഐ ടിയെ ചുമതലപ്പെടുത്തിയെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ തുറമുഖ വകുപ്പ് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. കേരള മാരി ടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് ദിനേശൻ, തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി ആന്റണി രാജു വിലയിരുത്തി. തീരപ്രദേശ മേഖലയെ തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലം എത്രയും പെട്ടന്ന് പൂർത്തിയാക്കി സഞ്ചാരം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. താൽക്കാലിക പാലത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി.