കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധിയിൽ നിന്ന് പുതുക്കിയ നിരക്കിൽ ഓണക്കാല ഉൽസവബത്തയും, കോവിഡ്കാല അധിക ധനസഹായവും വിതരണം ചെയ്യുന്നതിന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി. ക്ഷേമനിധി അംഗങ്ങൾക്ക് 2,000 രൂപ നിരക്കിലാണ് ഓണക്കാല ഉൽസവബത്ത കഴിഞ്ഞ വർഷം വിതരണം ചെയ്തിരുന്നത്. ഈ തുകയിൽ 1,000 രൂപയുടെ വർദ്ധനവ് വരുത്തി 3,000 രൂപ ഓണക്കാല ഉൽസവബത്തയായി വിതരണം ചെയ്യുന്നതിനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഏകദേശം 6000ത്തോളം സജീവ ക്ഷേമനിധി അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അടിയന്തിര സാഹചര്യങ്ങളിൽ അംഗങ്ങൾക്ക് മൂവായിരം രൂപ വരെ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ പ്രത്യേക ധനസഹായം വിതരണം ചെയ്യുന്നതിന് പദ്ധതിയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതുപ്രകാരം കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം 1,000 രൂപയുടെ അടിയന്തിര സഹായമെന്ന നിലയിൽ 2,000 രൂപ കൂടി പ്രത്യേക ധനസഹായമായി വിതരണം ചെയ്യുന്നതിനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.