വയനാട്:   പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന പത്താം തരം തുല്യതാ പൊതു പരീക്ഷയെഴുതാന്‍ ഇക്കുറി തയ്യാറെടുക്കുന്നത് ജില്ലയില്‍ നിന്നും 241 പഠിതാക്കള്‍. ആഗസ്ത് 16 മുതല്‍ സെപ്തംബര്‍ 1 വരെ 9 വിഷയങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ജില്ലയില്‍ 109 പുരുഷന്മാരും 132 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്. പഠിതാക്കളില്‍ 53 പേര്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ടവരും 8 പേര്‍ എസ്.സി വിഭാഗത്തില്‍പ്പെട്ടവരും 8 പേര്‍ ഭിന്നശേഷിക്കാരുമാണ്.

കോവിഡ് മൂലം പൂര്‍ണമായും ഓണ്‍ലൈനിലായിരുന്നു പഠനം. പ്രായമേറെയുള്ളവര്‍ക്കും ഓണ്‍ലൈന്‍പഠനം ഒരു തടസ്സമായിരുന്നില്ല. സമ്പര്‍ക്ക പഠന ക്ലാസും നിരന്തരമൂല്യനിര്‍ണയവുമെല്ലാം ഓണ്‍ലൈനായി നടത്തി. ഓണ്‍ലൈന്‍ പഠനമായിരുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പഠിതാക്കളും പരീക്ഷക്ക് തയ്യാറായിട്ടില്ല. അവര്‍ക്കായി പൊതു പരീക്ഷാ വകുപ്പ് 2 അവസരങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഇവരെ കൂടാതെ പ്രൈവറ്റായി പരീക്ഷയെഴുതുന്നവരും ഉണ്ട്.

ജില്ലയില്‍ 4 ഹൈസ്‌കൂളുകളാണ് പരീക്ഷക്ക് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷാ ഭവനാണ് നടത്തിപ്പ് ചുമതല. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷയെഴുതുന്നത് 75 പഠിതാക്കളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. പനമരം ഹൈസ്‌കൂളിലാണ് ഏറ്റവും കുറവ് പഠിതാക്കള്‍ പരീക്ഷയെഴുതുന്നത് 52 പേരാണ് പരീക്ഷയെഴുതുന്നത്. കൂടാതെ മാനന്തവാടി ഹൈസ്‌കൂള്‍, എസ് കെ എം ജെ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.

*ഓണ്‍ലൈന്‍ പരിശീലനത്തിന് തുടക്കമായി*

സാക്ഷരതാ മിഷന്‍, ഡയറ്റ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രേരക്മാര്‍, ആദിവാസി സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍, ആദിവാസി സാക്ഷരത പഞ്ചായത്ത്തല കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കുളള സാങ്കേതിക വിദ്യയിലെ ഓണ്‍ലൈന്‍ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി.

നാലാം തരം തുല്യത, ഏഴാം തരം തുല്യത, പത്താം തരം തുല്യത, ഹയര്‍സെക്കണ്ടറി തുല്യത, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവ ഓണ്‍ലൈനായി നടക്കുന്ന സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ പരിശീലനത്തിന് തുടക്കമിട്ടത്. ഓഗസ്റ്റ് 12 വരെ രാവിലെ 10 മുതല്‍ 1 വരെ ഓണ്‍ലൈന്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോമിലാണ് പരിശീലനം. ഡയറ്റ് ലക്ചറായ ഡോ. മനോജ് കുമാറാണ് ഓണ്‍ലൈന്‍ ക്ലാസിന് നേതൃത്വം നല്‍കുന്നത്.

പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ. അബ്ബാസലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം. ഷൈജു, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.