ജില്ലക്ക് പുറത്ത് നിന്നും വന്ന് താമസിച്ചു ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്നതിന്റെയോ താമസിക്കുന്നതിന്റെയോ രേഖകള്‍ ഹാജരാക്കിയാല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപന മേധാവിയുടെ കത്തും ഹാജരാക്കാം. അതാത് പഞ്ചായത്തുകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നു മാത്രം പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് പുറത്ത് നിന്നും വന്ന് താമസിക്കുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകാത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് നടപടി.
ജില്ലയിലെ 60വയസ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും ആഗസ്റ്റ് 15നകം ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കും. താഴെത്തട്ടില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ആര്‍.രാജന്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ഉത്സവകാലം വരുന്നതിനാല്‍ ബോധവത്കരണം ശക്തമാക്കും. വാക്‌സിനുകള്‍ പക്ഷാപതമില്ലാതെ സുതാര്യമായും പരാതി രഹിതമായും വിതരണം ചെയ്യും. ഉത്സവകാലമായതിനാല്‍ പോലീസിന്റെയും സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പോലീസിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. കല്യാണം, മരണാനന്തര ചടങ്ങുകള്‍ക്ക് 20പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ആര്‍.രാജന്‍, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, എ.ഡി.എം എ.കെ.രമേന്ദ്രന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.വി.രാമദാസ്, ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ.എ.ടി.മനോജ്, മറ്റു കോര്‍ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.