ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാലത്ത് ബൗദ്ധികമായ കഴിവുകൾ നഷ്ടപ്പെടാതിരിക്കാൻ വായനാശീലം അനിവാര്യമാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ രാജ്യത്തിന് അനിവാര്യമാണ്. അതിനായി വായനശീലം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വായന വാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായന വാരാഘോഷത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി പരിപാടികളാണ് നടന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ നടത്തിയ സാഹിത്യ ക്വിസ്, വായനാ മത്സരം, വായനാക്കുറുപ്പ് മത്സരം, കവിയരങ്ങ് എന്നീ വിഭാഗങ്ങളിൽ വിജയിച്ചവർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ ജില്ലാതല പ്രശ്നോത്തരി മത്സരവിജയികൾക്കുമുള്ള സമ്മാനങ്ങൾ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജെ.കെ. എഡിസൺ, ഹെഡ് മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു, പി.ആർ.ഡി. അസി. എഡിറ്റർ ജി. ബിൻസി ലാൽ, ആർ.സുരേഷ്കുമാർ, രാജി ആർ. പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.