സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും ഓഗസ്റ്റ് 13 മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു വരെയുള്ള തിയ്യതികളില്‍ ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍ സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്‌കീം, യൂത്ത് ക്ലബുകള്‍, മറ്റു യുവജന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ഓരോ ജില്ലയിലും 75 കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി.

ആഘോഷത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ദേശീയ ഗാനം ആലപിച്ച് അപ് ലോഡ് ചെയ്യുന്നതിന് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം http://rashtragaan.in എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്നവ ഓഗസ്റ്റ് 15ന് ടി.വി, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ തത്സമയം കാണിക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 12ന് വൈകിട്ട് മൂന്നിന് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വെബിനാറിലൂടെ നിര്‍വ്വഹിക്കും.