മലമ്പുഴ ഡാമിന്റെയും ഉദ്യാനത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡാമിലും ഉദ്യാനത്തിലും മറ്റും അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തികളും, പദ്ധതികളും ഉള്‍പ്പെടുന്ന കത്ത് സ്ഥലം എം എല്‍ എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥ മേധാവികളെയും വിളിച്ച് ചര്‍ച്ച നടത്തിയത്.
ഉദ്യാനത്തിലും, മാംഗോ ഗാര്‍ഡനിലും നിലവിലുള്ള കാട് മൂന്ന് ആഴ്ച്ച കൊണ്ട് വെട്ടിതെളിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഡാമും പരിസരവും പൂര്‍ണ്ണമായി മാലിന്യമുക്തമാക്കാന്‍ ഗ്രാമപഞ്ചായത്ത് സഹായത്തോടെ നടപടി സ്വീകരിക്കും. ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാക്കും. ഡാം പരിസരത്തെ പാഴ്മരങ്ങള്‍ ഉടന്‍ വെട്ടിനീക്കും. ഉദ്യാനത്തിലും, ഡാമിന്റെ പരിസരത്തുള്ള ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും. ഉദ്യാനപരിപാലനത്തിനായുള്ള മുഴുവന്‍ എച്ച് ആര്‍ തൊഴിലാളികളുടെയും സേവനം ഉറപ്പു വരുത്തും. നിയമിച്ചിട്ടുള്ള തൊഴിലാളികളുടെ എണ്ണവും, നിയമനവും പരിശോധിക്കും. ജനറേറ്ററും, ജനറേറ്റര്‍ മുറിയും അടിയന്തിരമായി സ്ഥാപിക്കും. ഡാം പരിസരത്തുള്ള അനധികൃത കച്ചവടക്കാരെ നിര്‍ബന്ധമായും ഒഴിവാക്കും. പൈതൃകമൂല്യമുള്ള ഉദ്യാനത്തിലെ ടോയ് ട്രെയിന്‍ സ്ഥിരം ഓടിക്കുവാനുള്ള നടപടികള്‍ ഒരാഴ്ച്ചക്കകം സ്വീകരിക്കും. ഡാമിന്റെയും ഡാമിന്റെ പരിസരത്തെയും റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. വൃഷ്ടി പ്രദേശത്ത് ഭൂമികൈയ്യേറ്റം തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ എസ്റ്റേറ്റ് ഓഫീസര്‍ കൂടിയായ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഡാം സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ള മുഴുവന്‍ കമാന്റോകളെയും വിന്യസിപ്പിക്കും. ഡി ടി പി സി മുഖാന്തരം ഭരണാനുമതി ലഭിച്ച മുഴുവന്‍ പ്രവര്‍ത്തിയും പൂര്‍ത്തീകരിക്കണം. ഡി ടി പി സി യുമായി ചേര്‍ന്നുള്ള ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും. മലമ്പുഴ ബസ്സ് സ്റ്റാന്‍ഡിനടുത്തുള്ള മുഴുവന്‍ കടകളും ഉടന്‍ ലേലം ചെയ്യും. ഗവര്‍ണ്ണര്‍ സീറ്റിനടുത്തുള്ള ടെലിസ്‌ക്കോപ്പിക്ക് ടവര്‍ ഉടന്‍ സ്ഥാപിക്കാന്‍ ചീഫ് എഞ്ചിനീയര്‍ തലത്തില്‍ നടപടി സ്വീകരിക്കും. എം എല്‍ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുതറോഡ് കുടുംബശ്രീ ജനസേവന കേന്ദ്രത്തിനായുള്ള ഭൂമി വിട്ടുകൊടുക്കുന്നതിന് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നടപടി വേഗമാക്കും. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പമെന്റ് ബോര്‍ഡ് സമര്‍പ്പിച്ച ജലസേചന കനാലുകളുടെ തീരങ്ങളില്‍ തീറ്റപ്പുല്‍ കൃഷി പദ്ധതിക്ക് യോഗത്തില്‍ അനുമതി നല്‍കി. മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായും. ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ ലഭിക്കുന്നതിനായുമുള്ള ഈ സംരംഭത്തിന്റെ പദ്ധതി രേഖ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ജല വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാസ് യോഗത്തില്‍ പങ്കെടുത്തു
