വ്യാപാര സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നത് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിക്കാനാണെന്നും ഇത് ലംഘിച്ചാല്‍ കാര്‍ശന നടപടി എടുക്കുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകളില്‍ തിരക്ക് വര്‍ധിക്കുമെന്നതിനാല്‍ കര്‍ശന നിരീക്ഷണം നടത്താനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വാക്‌സിനേഷന്റെ കാര്യത്തില്‍ ആഗസ്റ്റ് 13, 14, 15 തീയതികളിലും 18 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ സ്ലോട്ട് ബുക്കിംഗ് ഇന്ന് 8 മണി മുതല്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഔട്ട് റീച്ച് സെന്ററുകളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. വാര്‍ഡ് തലത്തിലുള്ള സംവിധാനം മുഖേന വാക്‌സിന്‍ ലഭ്യത അനുസരിച്ചായിരിക്കും ഇവിടെ വിതരണം. ഹാര്‍ബറുകളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും കൂടാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ വാക്‌സിനേഷന്‍ ടീമുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു.