എറണാകുളം : പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള വാത്സല്യ നിധി ഇൻഷുറൻസ് പദ്ധതിയുടെ സർട്ടിഫിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ബബിത ദിലീപ്, സി. എം. രാജഗോപാൽ, എ. കെ. മുരളീധരൻ, ജെൻസി തോമസ്, ആന്റണി കോട്ടക്കൽ, കമല സദാനന്ദൻ, സഞ്ജന സൈമൺ, നിത സ്റ്റാലിൻ, മണി ടീച്ചർ പട്ടിക ജാതി വികസന ഓഫീസർ ബോബി മാത്യൂസ് എന്നിവർ സംസാരിച്ചു. അപ്രന്റീസ് ക്ലർക്കായി പരിശീലനം പൂർത്തീകരിച്ച സിബി.എൻ എസിനെ ചടങ്ങിൽ ആദരിച്ചു.

ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എസ്. സി വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് വാത്സല്യ നിധി സ്കോളര്ഷിപ്. പട്ടികജാതി വികസന വകുപ്പും എൽ. ഐ. സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ് പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് 3 ലക്ഷം രൂപ എൽ. ഐ. സി യിൽ നിന്ന് ലഭിക്കും. പദ്ധതിയിൽ ചേരുന്നതിന്, പെൺകുട്ടി ജനിച്ച് 9 മാസത്തിനകം രജിസ്റ്റർ ചെയ്യണം. 2017 ഏപ്രിൽ ഒന്നിനു ശേഷം ജനിച്ച പെൺകുട്ടികളെയാണ് ഉൾപെടുത്തുക.