തിരുവനന്തപുരം: ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  ഇതിന്റെ ഭാഗമായി ജില്ലയില്‍ തദ്ദേശ സ്ഥാപന തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ജില്ലാതല സംഘാടക സമിതി അംഗങ്ങള്‍ ജില്ലാ പഞ്ചായത് ഓഫീസില്‍ യോഗം ചേര്‍ന്നു.
ഉദ്ഘാടന പരിപാടി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം തയ്യാറാക്കിയ വേദികളില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ജനകീയ ആസൂത്രണത്തില്‍ പങ്കാളികളായുള്ള മുന്‍കാല അധ്യക്ഷന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കും മൊമെന്റോ നല്‍കി ആദരിക്കും. രജത ജൂബിലിയുടെ ഭാഗമായി മിയാവാക്കി മാതൃകയില്‍ വനങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. പരമ്പരാഗത തൊഴില്‍ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
യോഗത്തില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് വി സുരേഷ്‌കുമാര്‍ അധ്യക്ഷനായി.  ഡിപിസി അംഗങ്ങള്‍, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, സര്‍ക്കാര്‍ പ്രതിനിധി ബി.ബിജു, വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എഡിഎം ഇ.എം സഫീര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.