കൊച്ചി: വൈറ്റിലയിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ അതിവേഗം പുരോഗമിക്കുന്നു. വൈറ്റില അണ്ടര്‍പാസിനു സമീപം രൂപപ്പെട്ട വലിയ കുഴി ഞായറാഴ്ച ഉച്ചയോടെ തന്നെ മെറ്റല്‍ മിശ്രിതം ഇട്ട് മൂടിയിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇട്ടതിനെ തുടര്‍ന്ന് ഇവിടെ രൂപപ്പെട്ട കുഴി ഉടന്‍ അടയ്ക്കണമെന്ന് കളക്ടര്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഹൈവേയില്‍ പാലാരിവട്ടം ഭാഗത്തേക്ക് പോകുന്ന ഭാഗത്ത് ടാക്‌സി സ്റ്റാന്‍ഡിനു സമീപം ട്രയാംഗിള്‍ ജംഗ്ഷനില്‍ ടൈല്‍ വിരിക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തീകരിച്ചു. വശങ്ങളിലെ കോണ്‍ക്രീറ്റിംഗും ഉടന്‍ പൂര്‍ത്തിയാക്കും. ഇവിടെ ജംഗ്ഷന്‍ എന്‍ഡിലും പൊന്നുരുന്നിയില്‍ നിന്നുള്ള സിഗ്നലിനു സമീപവും റോഡ് കട്ട് ചെയ്ത് മാത്രമേ ടൈല്‍ വിരിക്കാനാകൂ. അതിന് റോഡ് ബ്ലോക്ക് ചെയ്യേണ്ടി വരും. അതിനാല്‍ വലിയ ഗതാഗതക്കുരുക്കുള്ള പകല്‍ സമയത്ത് ഇതു ചെയ്യാനാകില്ല. രാത്രിയോടെ ഈ പ്രദേശത്തെ കട്ടിംഗ് പൂര്‍ത്തികരിക്കാനാകുമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിഷ മോള്‍ അറിയിച്ചു. വൈറ്റില ജംഗ്ഷനു ചുറ്റുമുള്ള റോഡിലെ കുഴികള്‍ 90% വും അടച്ചുകഴിഞ്ഞു. കൂടാതെ വൈറ്റില പ്രധാന ജംഗ്ഷനിലെ സിഗ്നല്‍ പോയിന്റിനു സമീപം ടൈല്‍ വിരിക്കുന്നതിനു മുന്നോടിയായി ഈ പ്രദേശത്തെ കുഴികളില്‍ റോഡ് കട്ട് ചെയ്ത് മെറ്റല്‍ മിശ്രിതം (ജിഎസ്ബി) നിറച്ചിട്ടുണ്ട്. ട്രയാംഗിള്‍ ഭാഗത്തെ ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയായ ശേഷം ഇവിടെ ടൈല്‍ വിരിക്കും.
ഹൈവേയുടെ പടിഞ്ഞാറ് വശത്ത് അനുഗ്രഹ ഹോട്ടലിനു മുന്നിലെ സര്‍വീസ് റോഡും ഹൈവേയും ഒരേ ലെവലാക്കി ബാരിക്കേഡ് നീക്കുന്ന പ്രവൃത്തി ജൂലൈ 12 നകം പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെയുള്ള ഡ്രെയിനേജിനു മുകളിലുള്ള സ്ലാബ് കട്ട് ചെയ്ത് ഡ്രെയ്‌നേജില്‍ ജിഎസ്ബി മിശ്രിതം നിറയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടെയുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പൊട്ടിച്ച് കൈവരി മുറിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.