ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനായ പി.ഡി. ഗോപിദാസും. പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഇദ്ദേഹം. അമ്പലപ്പുഴ പറവൂര്‍ സ്വദേശിയായ ഗോപിദാസ് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് തുല്യതാ പഠനം പൂര്‍ത്തിയാക്കിയത്.
പഠനത്തിന് പ്രായം തടസമല്ലെന്ന മറുപടിയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ചെറുപ്പത്തില്‍ അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഇദ്ദേഹം സാക്ഷരതാ മിഷന്‍ വഴിയാണ് ഏഴാം തരം വിജയിച്ചത്. താന്‍ പത്താം ക്ലാസ് ജയിച്ചു കാണണമെന്നത് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. ചെറിയ പ്രായത്തില്‍ അതിന് കഴിഞ്ഞില്ലെന്നും അമ്മ മരിച്ചെങ്കിലും പത്താം ക്ലാസ് ജയിച്ച് അമ്മയുടെ ആഗ്രഹം സഫലീകരിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞാണ് ഗോപിദാസ് തന്നെ ആദ്യമായി സമീപിച്ചതെന്ന് ബ്ലോക്ക് നോഡല്‍ പ്രേരക് പ്രകാശ് ബാബു പറയുന്നു.
ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും.
ഒന്‍പത് വിഷയങ്ങളാണുള്ളത്. ജില്ലയില്‍ 11 ഹൈസ്‌കൂളുകളാണ് പരീക്ഷയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷാ ഭവനാണ് പരീക്ഷ നടത്തിപ്പിന്റെ പൂര്‍ണ്ണ ചുമതല. ജില്ലയില്‍ 435 പേരാണ് പത്താം തരം തുല്യതാ പരീക്ഷ എഴുതുക. 239 പേര്‍ സ്ത്രീകളും 196 പേര്‍ പുരുഷന്മാരുമാണ്. എസ്.സി. വിഭാഗത്തില്‍ നിന്നും 80 പേര്‍ പരീക്ഷ എഴുതുന്നുണ്ട്.