കോവിഡ് 19 വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഓണം പ്രമാണിച്ചും സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, ക്ഷേമ ആശുപത്രികള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ താമസക്കാര്‍ക്ക് കൂടി സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്കുന്ന അതേ സ്പെഷ്യല്‍ ഓണക്കിറ്റ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.
നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന ക്രമത്തില്‍ ആഗസ്റ്റില്‍ വിതരണം ആരംഭിക്കും. ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെടാത്ത ട്രാന്സ്ജെന്ററിന് ആധാര്‍ പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷം മേല്‍ പ്രകാരമുള്ള ഓണക്കിറ്റ് നല്‍കുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തി.
മറ്റ് യാത്രാ സൗകര്യങ്ങള്‍ തീരെ ഇല്ലാത്ത അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് വളരെ ദൂരം യാത്ര ചെയ്യേണ്ടി വരുന്ന പട്ടികവര്‍ഗ്ഗ ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉല്‍പ്പെടുത്തി ഓണക്കിറ്റും പ്രതിമാസ ഭക്ഷ്യധാന്യ വിഹിതവും മണ്ണെണ്ണയും നേരിട്ട് എത്തിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, ട്രൈബല്‍ ഡവലപ്മെന്റ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരുടെ സഹായത്തോടെ പട്ടികവര്‍ഗ കോളനികളുടെ വിശദാംശം തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്പെഷ്യല്‍ ഓണക്കിറ്റുകളും ഈ മാസത്തെ റേഷന്‍ വിതരണവും തിരുവനന്തപുരം ജില്ലയിലെ വിതുര പൊടിയാക്കാല ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ ആഗസ്റ്റ് 15 രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്. അനില്‍ നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്പെഷ്യല്‍ ഓണക്കിറ്റ് വെള്ളിയാഴ്ച വരെ 26,48,800 പേര് കൈപ്പറ്റിയിട്ടുണ്ട്.