വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘നിലാവ്’ പദ്ധതിക്ക് നിലമ്പുര്‍ നഗരസഭയില്‍ നാളെ തുടക്കമാകും. നിലമ്പുര്‍ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷനാവും. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറുക വഴി ഊര്‍ജ്ജ ഉപഭോഗവും പരിസ്ഥിതി ആഘാതവും കുറച്ചു കൊണ്ട് ഊര്‍ജ്ജം ലഭ്യമാകുമെന്ന ലക്ഷ്യത്തോടെയാണ് നിലാവ് പദ്ധതി ആവിഷ്‌കരിച്ചത്. നിലമ്പുര്‍ നഗരസഭാ പരിധിയിലുള്ള പ്രധാന റോഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.