ചേറ്റുവ അഴിമുഖത്തോട് ചേര്‍ന്ന് കിടക്കുന്ന ചേറ്റുവ കോട്ടയെന്ന ചരിത്രസ്മാരകം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. ചേറ്റുവക്കോട്ടയെ ടൂറിസം ഭൂപടത്തിലാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തികളാണ് നടന്നുവരുന്നത്. പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു.
2021 ജനുവരിയിലാണ് രണ്ടായിരം വർഷത്തെ കഥ പറയുന്ന വില്യം ഫോർട്ട് അഥവാ ചേറ്റുവ കോട്ടയുടെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം മുൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചത്.
കൊളോണിയല്‍ അധിനിവേശകാലത്ത് വാണിജ്യ കേന്ദ്രമായിരുന്ന ചേറ്റുവ പ്രദേശത്ത് സാമൂതിരിയുടെ കടന്നുകയറ്റം തടയുന്നതിനും കച്ചവടം സുരക്ഷിതമാക്കുന്നതിനുമായി ഡച്ചുകാരാണ് 1717ല്‍ ചേറ്റുവ കോട്ട പണിതത്. 5.46 ഏക്കര്‍ സ്ഥലത്താണ് ഇന്ന് ചേറ്റുവ കോട്ടയുടെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നത്. കോട്ടയ്ക്കു ചുറ്റും കിടങ്ങുകളുമുണ്ട്.
സംസ്ഥാന പുരാവസ്തു വകുപ്പ് 2009ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച കോട്ടയില്‍ വിവിധ പഠനങ്ങള്‍ക്ക് ശേഷമാണ് ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഒരു കോടി 15 ലക്ഷം രൂപയാണ് സംരക്ഷണ പ്രവൃത്തികള്‍ക്കായി വകയിരുത്തിയത്. ഒന്നാം ഘട്ടത്തില്‍ 78 ലക്ഷം ചിലവിട്ട് ചുറ്റുമതില്‍, കുളം നവീകരണം ഇലക്ട്രിഫിക്കേഷന്‍, പാലം എന്നിവയുടെ പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.