സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടുവര്‍ഷങ്ങള്‍ ചാലക്കുടി മണ്ഡലത്തെ സംബന്ധിച്ചിടത്തോളം നിരവധി വികസനക്കുതിപ്പുകളുടേത് കൂടിയാണ്. സ്ഥലം എം.എല്‍.എ. ബി.ഡി ദേവസ്സിയുടെ നേതൃത്വത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങക്കാണ് മണ്ഡലം സാക്ഷ്യംവഹിച്ചത്. സര്‍ക്കാരിന്‍റെ നാല് മിഷനുകള്‍ ഫലപ്രദമായി നടപ്പിലാക്കിയതിനു പുറമേ മണഡലത്തിന്‍റെ തനത് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കി.

ഹരിതകേരള മിഷന്‍റെ ഭാഗമായി മണ്ഡലത്തിലെ വിവിധ കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണം ആരംഭിച്ചു. കപ്പത്തോട് സംരക്ഷണത്തിനായി 2.5 കോടിരൂപ അനുവദിച്ചു. കൊടകര പഞ്ചായത്തിലെ മുഴുവന്‍ കുളങ്ങളേയും സംരക്ഷിക്കുന്നതിന് നടപടി എടുത്തു. ആര്‍ദ്രം പദ്ധതിയിലൂടെ ചാലക്കുടി താലൂക്ക് ആശുപത്രി, പരിയാരം, വെറ്റിലപ്പാറ പിഎച്ച്സികള്‍, എലിഞ്ഞിപ്ര സി.എച്ച്.സി എന്നിവിടങ്ങളില്‍ പുതിയ തസ്തികകള്‍ അനുവദിച്ചു. മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ മൊബൈല്‍ ക്ലിനിക് സേവനം ഉറപ്പാക്കി. ലൈഫ് പദ്ധതിപ്രകാരം ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ 51 വീടുകള്‍, കൊടകര പഞ്ചായത്തില്‍ 20 വീടുകള്‍, കൊരട്ടിപഞ്ചായത്തില്‍ ഭൂരഹിതര്‍ക്ക് ഫ്ളാറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി മണ്ഡലത്തിലെ 35 വിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. എല്ലാവിദ്യാലയങ്ങള്‍ക്കും എം.എല്‍.എ ഫണ്ടില്‍നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കി. ചാലക്കുടി ഗവ ബോയ്സ് സ്കൂള്‍, കൊരട്ടി പഞ്ചായത്ത് എല്‍പി സ്കൂള്‍ എന്നിവയുടെ വികസനം പ്രധാനനേട്ടമാണ്.

പുളിയിലപ്പാറയിലെ 115 കുടുംബങ്ങള്‍ ഉള്‍പ്പെടെ വിവിധ പുറമ്പോക്ക് നിവാസികളുടെ പട്ടയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായി. മണ്ഡലത്തില്‍ (ആദിവാസികോളനികള്‍ ഉള്‍പ്പടെ) സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കി. മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 1896 പേര്‍ക്കായി 3 കോടിരൂപ സഹായധനം ലഭ്യാമാക്കി. എസ്.സിവിഭാഗത്തില്‍പെട്ട 275 പേര്‍ക്ക് 55 ലക്ഷം രൂപയുടെ ചികിത്സാ സഹായം അനുവദിച്ചു. ചാലക്കുടി കോടതി ജംഗ്ഷനില്‍ അണ്ടര്‍ പാസേജ് നിര്‍മ്മാണം ആരംഭിച്ചു. മലയോര ഹൈവേയുടെ നിര്‍മ്മാണം ത്വരിത ഗതിയില്‍ നടക്കുകയാണ്.4 കോടിരൂപ ചെലവഴിച്ച് ചാലക്കുടിയില്‍ ആധുനിക പാര്‍ക്ക് നിര്‍മ്മാണം തുടങ്ങി. ചാലക്കുടിയില്‍ കോര്‍ട്ട് കോംപ്ളക്സ്,കിന്‍ഫ്ര പാര്‍ക്ക് വികസനം എന്നിവ ആരംഭിച്ചു. ചാലക്കുടി ഗവ ഗേള്‍സ്, വെറ്റിലപ്പാറ സ്കൂള്‍ എന്നിവിടങ്ങളില്‍ ആധുനിക പ്രീമെട്രിക് ഹോസ്റ്റല്‍, പ്രൈവറ്റ് ബസ്സ്റ്റാന്‍റില്‍ ടോയ്ലറ്റ് നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചു. വടക്കേ ബസ് സ്റ്റാന്‍റ് പ്രവര്‍ത്തന സജ്ജമാക്കി.

എം.എല്‍.എ ഫണ്ടില്‍നിന്നും അനുവദിച്ചതുക ഉപയോഗിച്ച് മണ്ഡലത്തിലെ 14 റോഡുകള്‍ 85 ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രോമോ കെയര്‍ വാര്‍ഡിനായി 5.6 കോടിരൂപയും, ചാലക്കുടി പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് അഡീഷണല്‍ ബ്ലോക്കിന് 1.9 കോടി രൂപയും ഓള്‍ഡ് റസ്റ്റ് ഹൗസിന് 1.4 കോടി രൂപയും, ഗാന്ധിഗ്രാം എച്ച്ആര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 10 ലക്ഷം രൂപയും അതിരപ്പിള്ളി യാത്രിനിവാസിന് 5 ലക്ഷം രൂപയും അനുവദിച്ചു.

മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ നേതൃത്വം നല്‍കി. ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡ് ടൈലുവിരിച്ച് നവീകരിച്ചിട്ടുണ്ട്. 3.68 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ചാലക്കുടി -കൊരട്ടി നാലുകെട്ട് റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ചാലക്കുടി -മാള റോഡ് നവീകരണത്തിന് 3 കോടിരൂപയുടെ അനുമതിയായി. മുരിങ്ങൂര്‍ -എഴാറ്റുമുഖം റോഡ് 36 കോടി രൂപ ചെലവിലും ചാലക്കുടി- വെള്ളിക്കുളങ്ങര റോഡ് 5.67 കോടിരൂപ ചെലവിലും നിര്‍മ്മിക്കാന്‍ നടപടിയായിട്ടുണ്ട്. ചാലക്കുടി- ആനമലറോഡ് നവീകരണപ്രവര്‍ത്തികള്‍ക്കും അനുമതിയായി.

10 കോടി രൂപ ചെലവില്‍ ചാലക്കുടി വി.എച്ച്.എസ്എസിനെ മികവിന്‍റെ കേന്ദ്രമാക്കാന്‍ നടപടി തുടങ്ങി. ആസ്തിവികസന ഫണ്ടില്‍നിന്ന് ചാലക്കുടി ഗവ. എച്ച്.എസ്.എസിന് പുതിയകെട്ടിടം അനുവദിച്ചു. രണ്ടാംഘട്ടമായി 1.85 കോടി രൂപയും ആധുനികലാബിന് 50 ലക്ഷം രൂപയും അനുവദിച്ചു. ചാലക്കുടി ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കാന്‍ 5.2 കോടിരൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. 1 കോടി രൂപ ചെലവില്‍ കൊരട്ടി പഞ്ചായത്ത് എല്‍പി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിനും ഗവ എല്‍. പി സ്കൂള്‍ കുറ്റിച്ചിറ, എസ്എന്‍.ഡിപി.എസ്. മോതിരക്കണ്ണി എന്നിവിടങ്ങളില്‍ ക്ലാസ്റൂം ഹൈടെക് ആക്കുന്നതിനും നടപടി സ്വീകരിച്ചു. ചായ്പന്‍കുഴി, വെറ്റിലപ്പാറ, കൊടകര ഗേള്‍സ്, ചാലക്കുടി ഗേള്‍സ്, വിആര്‍ പുരം ഗവ സ്കൂളുകളില്‍ ലാബ് നവീകരണം നടപ്പാക്കും. വനിതാ ഐടിഐയില്‍ പുതിയബ്ലോക്ക് നിര്‍മ്മാണവും നടത്തി.

പുലിപ്പാറക്കുന്ന്, കുറ്റിച്ചിറ, കലിക്കല്‍, കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനികളില്‍ 1 കോടിരൂപ വീതം ചെലവില്‍ അംബേദ്ക്കര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനും ഒരു കോടി രൂപ വീതം ചെലവഴിച്ച് വിവിധ പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്രവികസനം, റേഷന്‍ വിതരണം, കുടിവെള്ള പദ്ധതി, റോഡുകള്‍,ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നീ പദ്ധതികളും നടപ്പിലാക്കാനായി.

ആരോഗ്യമേഖലയില്‍ വിവിധങ്ങളായി പദ്ധതികളാണ് രണ്ട് വര്‍ഷക്കാലയളവില്‍ ചാലക്കുടി മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയത്. 50 ലക്ഷംരൂപ ചെലവില്‍ പേരാമ്പ്ര ഗവ. ആയൂര്‍വേദ ആശുപത്രി നവീകരിച്ചു. ആര്‍ദ്രം പദ്ധതി പ്രകാരം പരിയാരം പി.എച്ച്.എസിസിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി. ജലസേചന പദ്ധതിയില്‍ അടിച്ചിലി കനാല്‍ നിര്‍മാണം പൂര്‍ത്തികരിക്കാനായി. പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അവസാനഘട്ടത്തിലാണ്. മേലൂര്‍ പൂത്തിരുത്തി ക്രോസ്ബാര്‍ നിര്‍മ്മാണം, കൂടപ്പുഴ ചെക്ക് ഡാം വശങ്ങള്‍കെട്ടി സംരക്ഷിക്കല്‍, കമ്മളം നായരങ്ങാടി കുടിവെള്ളപദ്ധതി, കുറ്റിച്ചിറ കാരാപ്പാടം കുടിവെള്ളപദ്ധതി, കൊരട്ടി പാറക്കുട്ടം എല്‍ഐ സ്കീം, കക്കാട് നമ്പര്‍വണ്‍- നമ്പര്‍ ടു എല്‍ഐ സ്കീമുകളുടെ കാന നിര്‍മ്മാണം, കാടുകുറ്റി തോട്ടത്തില്‍കടവ്
എല്‍ഐ സ്കീം, വൈന്തല നമ്പര്‍ടു പമ്പ്ഹൗസിന്‍റെ പുനര്‍നിര്‍മ്മാണം, കോടശ്ശേരി പരിയാരം സമഗ്ര
കുടിവെള്ള പദ്ധതി, ചെറുവത്തൂര്‍ ചിറ നവീകരണം, അന്നംചിറ, കണ്ടംകുളങ്ങര ചിറ അമ്പലക്കുള നവീകരണം, പുതുക്കുളങ്ങര, തുപ്ലന്‍ചിറ നവീകരണം എന്നിവ നടപ്പാക്കി. ചാലക്കുടി നഗരസഭയില്‍ വാട്ടര്‍ അതോറിറ്റിയുടെ കേടുവന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ 10 കോടിരൂപ അനുവദിച്ചു. ഇങ്ങനെ പുത്തന്‍ വികസനഗാഥ രചിച്ച് കുതിക്കുകയാണ് ചാലക്കുടി.