നല്ലൂര്‍നാട്: അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമാകുകയാണ് നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റ്. ഈ വര്‍ഷമാദ്യം മന്ത്രിസഭാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സജ്ജീകരിച്ച റേഡിയോ തെറാപ്പി യൂണിറ്റുകളും മറ്റ് ആത്യാധുനിക സംവിധാനങ്ങളും കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുകയാണ്. റേഡിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് ഒരു മാസം പൂര്‍ത്തിയാകുന്നതിനിടെ ഇരുപത്തിയഞ്ചോളം തെറാപ്പികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ യൂണിറ്റിനു കഴിഞ്ഞു. ഇതോടെ വേദനയിലും അര്‍ബുദ രോഗികള്‍ക്ക് ജീവിതത്തിലേക്കുള്ള കൈത്താങ്ങും പ്രതീക്ഷയുമാവുകയാണ് നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റ്. പൂര്‍ണമായും ഭേദമാകുന്ന കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള റേഡിയേഷനുകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുകയാണ് യൂണിറ്റിന്റെ അടുത്ത ലക്ഷ്യം. കൂടാതെ അര്‍ബുദ ചികിത്സയുടെ എല്ലാ ഘട്ടത്തിലും ആവശ്യമായ രോഗികള്‍ക്ക് റേഡിയേഷന്‍ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. വയനാട്ടില്‍ വലിയ തോതില്‍ കണ്ടുവരുന്ന ഹെഡ്‌നെക് കാന്‍സര്‍ ചികിത്സയ്ക്കടക്കം റേഡിയോ തൊറാപ്പി യൂണിറ്റ് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മാത്രമാണ് നിലവില്‍ റേഡിയോ തെറാപ്പി സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. രണ്ടേമുക്കാല്‍ കോടി രൂപയോളം ചെലവു വന്ന ബാബട്രോണ്‍ – 11 ടെലികോബോള്‍ട്ട്് യൂണിറ്റ് സംവിധാനമാണ് നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ളത്. ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് യൂണിറ്റിന്റെ മറ്റൊരു പ്രത്യേകത. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ ടെലിമെഡിസിന്‍ യൂണിറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആധൂനിക സജ്ജീകരണങ്ങളോടുകൂടി ശീതികരിച്ച പ്രത്യേകം വാര്‍ഡുകള്‍ ഇവിടെയുണ്ട്. കീമോ തൊറാപ്പി മരുന്നുകള്‍ സൂക്ഷിച്ചുവയ്ക്കാനും സുരക്ഷിതമായി കൈകാര്യം ചെയ്യാനും കഴിയുന്ന ബയോളജിക്കല്‍ സേഫ്ടി കാബിനറ്റ്, മെഡിക്കല്‍ സ്റ്റോര്‍, ലാനിനാര്‍ ഫ്‌ളോ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ക്യുറേറ്റീവ് മള്‍ട്ടി ഡ്രഗ് കീമോ തൊറാപ്പി ഡ്രഗ് ചികില്‍സയും നല്‍കി വരുന്നുണ്ട്.

ദേശീയ അര്‍ബുദ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് നല്ലൂര്‍നാട്ടില്‍ അടിസ്ഥാന പാലിയേറ്റീവ് കീമോ തൊറാപ്പി യൂണിറ്റ് തുടങ്ങുന്നത്. 2013 മുതല്‍ ഒപി പ്രവര്‍ത്തിക്കുന്ന ഇവിടെ, ഇന്ന് മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു റേഡിയേഷന്‍ ഫിസിസ്റ്റ്, രണ്ട് റേഡിയേഷന്‍ ടെക്‌നോളജിസ്റ്റ് എന്നിവര്‍ ജോലി ചെയ്യുന്നുണ്ട്. ബി.ആര്‍.ജി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.04 കോടി രൂപ ചിലവിലാണ് കേന്ദ്രം സജ്ജമാക്കിയത്. മാനന്തവാടി ബ്ലോക്കിന്റെ സാമ്പത്തിക സഹായവും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ നല്ലൂര്‍നാട് അംബേദ്കര്‍ ട്രൈബല്‍ ആശുപത്രിയാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്ത് കാന്‍സര്‍ കെയര്‍ യൂണിറ്റാക്കി മാറ്റിയത്.