നല്ല വീട് നല്ല നഗരം സമ്പൂർണ ശുചിത്വ പരിപാടിയുടെ വിജയഗാഥ നേരിട്ടറിയാൻ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് കുന്നംകുളത്തെത്തി. കുറുക്കൻ പാറയിലെ പഴയ ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ഗ്രീൻ പാർക്കിലെത്തി നിൽക്കുന്ന നഗരശുചിത്വത്തിൻ്റെ മാതൃകയാകാൻ അശ്രാന്ത പരിശ്രമം നടത്തുന്ന മുൻനിര പോരാളികളായ ഹരിത കർമ്മ സേനാംഗങ്ങളുമായി അനുഭവങ്ങൾ പങ്കുവെക്കാനാണ് തോമസ് ഐസക് കുന്നംകുളത്തെത്തിയത്. ഗ്രീൻ പാർക്കിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പം സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി പതാക ഉയർത്തി.

2017ൽ ധനമന്ത്രിയായിരിക്കെ ഗ്രീൻ പാർക്കിൽ നട്ടുപിടിപ്പിച്ച പ്ലാവ് മരവും അദ്ദേഹം സന്ദർശിച്ചു. മാർക്കറ്റിലും പൊതുസ്ഥലത്തും നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി വിജയകരമായി പ്രവർത്തിക്കുന്ന ഗ്രീൻപാ‍ർക്കിലെ വിൻഡ്രോ കമ്പോസ്റ്റിങ് പ്ലാന്റ് കുന്നംകുളത്തെ പ്രത്യേകതയാണ്. അവിടെ ഉപയോഗിക്കുന്ന ചകിരിച്ചോർ അധിഷ്ഠിതമായ ഇനോക്കുലം (സൂഷ്മാണുക്കൂട്ട്)  മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ ദുർഗന്ധവും വെള്ളം ഊറിവരലും ഒഴിവാക്കാൻ ഏറെ ഫലപ്രദമായ മാർഗമായി വിലയിരുത്തപ്പെടുന്നു. കുന്നംകുളം മാതൃകയിൽ അത്തരം മാലിന്യ സംസ്കരണ സംവിധാനം ഇന്ന് പല നഗരസഭകളിലും നി‍ർമിച്ച് വരുന്നു.  വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം നല്ലവീട് നല്ല നഗരം പദ്ധതിയിലൂടെ കൈകാര്യം ചെയ്ത് കഴിയുമ്പോൾ ശുചിത്വ പദവിയിൽ നിന്നും സമ്പൂർണ ശുചിത്വ പദവിയിലേക്കെത്തുവാൻ നഗരസഭയ്ക്കാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ച കിഴൂർ വാർഡ് 3 ലെ പ്രഖ്യാപന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഇ കെ നായനാർ സ്മാരക ബസ് സ്റ്റാന്റ്, ജില്ലയിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച സുഭിക്ഷ കാൻ്റീൻ എന്നിവയും സന്ദർശിച്ച് നഗരസഭാ അധികൃതരുമായി ചർച്ച നടത്തിയാണ് തോമസ് ഐസക് മടങ്ങിയത്. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എം സുരേഷ്, പ്രിയ സജീഷ്, സെക്രട്ടറി ടി കെ സുജിത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി മനോജ് കുമാർ എന്നിവർ ഐസക്കിനൊപ്പമുണ്ടായിരുന്നു.