അന്യസംസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിലകുറഞ്ഞ പാല് കേരളത്തിലെ പാല് എന്ന വ്യാജേന വില്ക്കാന് ശ്രമിക്കുന്നതിനെതിരെ കര്ശന നടപടിയെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചിറ്റൂര് ബ്ലോക്കില് 5,25,000 ചെലവില് നിര്മിച്ച കൊറ്റമംഗലം ഫാര്മേഴ്‌സ് ഫെസിലിറ്റേഷന് കം ഇന്ഫര്മേഷന് സെന്റര് ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്യസംസ്ഥാനങ്ങളില് നിന്നും പാല് വരുന്നത് സംബന്ധിച്ച് ലഭിച്ച പരാതികളില് അന്വേഷണം നടത്തി നടപടി എടുക്കുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് ആവശ്യമായ പാല് ഉത്പാദിപ്പിക്കുന്നതിനുള്ള പശുക്കളും പാല് സംഭരിക്കുന്നതിനുള്ള ക്ഷീര സംഘങ്ങളും കേരളത്തിലുണ്ട്. കര്ഷകര് കൊണ്ടുവരുന്ന മുഴുവന് പാലും മില്മ സംഭരിക്കും. എന്നാല് പാല് സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിച്ചതാവണം. ക്ഷീരകര്ഷകരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സര്ക്കാര് നടപ്പാക്കുന്നുണ്ട്. എല്ലാ ക്ഷീരകര്ഷകരും ക്ഷീരകര്ഷക ക്ഷേമനിധി ബോര്ഡ് അംഗങ്ങളായാല് ആനുകൂല്യങ്ങള് എല്ലാവരിലേക്കും എത്തുമെന്നും അവര് പറഞ്ഞു. മടങ്ങിയെത്തുന്ന പ്രവാസികള്ക്കുള്ള മികച്ച വരുമാനം മാര്ഗം കൂടിയാണ് ക്ഷീരമേഖല. അതിനായി ബാങ്ക് ലോണ്, സബ്‌സിഡി സൗകര്യങ്ങളും ഒരുക്കും. കൂടാതെ കോഴിയിറച്ചി വിതരണം എല്ലാ ജില്ലകളിലും കെപ്കോ വഴി വ്യാപിപ്പിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില് ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷനായി. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ, മില്മ ചെയര്മാന് കെ.എസ് മണി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് ജെ.എസ് ജയസുജീഷ്, കൊറ്റമംഗലം ക്ഷീരസംഘം പ്രസിഡണ്ട് കെ.കലാധരന്, എം ആര് സി എം പി യു ഭരണസമിതി അംഗങ്ങളായ കെ. ചെന്താമര, എസ്. സനോജ്, നല്ലേപ്പിള്ളി സര്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡി. ജയപാലന്, ചിറ്റൂര് ക്ഷീരവികസന ഓഫീസര് അഫ്‌സ എം എസ് എന്നിവര് പങ്കെടുത്തു.