ആദിവാസി മേഖലയിൽ ഉൾപ്പെടെ കൈവശ രേഖയുള്ളവരുടേയും നടപടികൾ പൂർത്തിയായവരുടേയും പട്ടയ വിതരണത്തിലെ തടസം സംബന്ധിച്ച് സെപ്റ്റംബർ 15നകം പരിശോധന പൂർത്തിയാക്കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ജില്ലയിലെ വന മേഖലകളിലെ എം.എൽ.എ മാരുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് സമയപരിധി നിർണ്ണയിച്ച് കൊണ്ടുള്ള തിരുമാനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചത്. ഇത്തരത്തിൽ അർഹരായവർ എത്ര പേരുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ട് സെപ്റ്റംബർ 15നകം നൽകാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ റിസർവ്ഡ് ഫോറസ്റ്റ് ഭൂമിയിൽ ഉൾപ്പെട്ടതും വിതരണ നടപടികൾ പൂർത്തിയായതുമായ ഭൂമിയുടെ വിതരണം 2018 ൽ ഹൈക്കോടതി വിധി പ്രകാരം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രസ്തുത ഭൂമി കൽപിത വനഭൂമിയായി പരിഗണിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്നും യോഗത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഈസ്റ്റേൺ സർക്കിൾ ഓഫീസർ പി.പി പ്രമോദ് (ഐ.എഫ്.എസ്) പറഞ്ഞു.
വനാതിർത്തിയിൽ താമസിക്കുന്നവർക്ക് ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് അനുവദിക്കുന്ന എൻ.ഒ.സി നടപടികളിൽ കാലതാമസം നേരിടുന്ന സാഹചര്യം പരിശോധിച്ച് സമയബന്ധിതമായി തീരുമാനമുണ്ടാകുമെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു. വനാതിർത്തികളിലെ സംരക്ഷണ വേലിയുടെ സംരക്ഷണം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് മണ്ഡലങ്ങളിലെ എം.എൽ എമാർ, വന മേഖലയുമായി ബന്ധപ്പെട്ട ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, വനം – റവന്യൂ വകുപ്പ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്നതിൻ്റെ പ്രായോഗികത ചർച്ച ചെയ്യുമെന്നും കാർഷിക വിളകളുടെ നഷ്ടപരിഹാര തുക പരിഷ്കരിക്കേണ്ടത് സംബന്ധിച്ചും കൃഷി വകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. ജില്ലയിലെ വനാതിർത്തികളിൽ താരതമേന്യ നിർമ്മാണ ചെലവ് കുറവുള്ള ഹാങിങ് ഫെൻസുകൾ നിർമ്മിക്കുന്നതിന് പരിഗണന നൽകുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. വന- മലയോരമേഖലയിൽ ഉള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വർഷങ്ങളായി കൈവശം വെച്ച ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളിൽ പരിഹാരം കാണണമെന്ന് എം.എൽ.എമാർ യോഗത്തിൽ നിർദ്ദേശിച്ചു. യോഗത്തിൽ എംഎൽഎമാരായ എ. പ്രഭാകരൻ, അഡ്വ.എൻ ഷംസുദ്ദീൻ, പി.പി സുമോദ്, അഡ്വ.കെ.പ്രേംകുമാർ എന്നിവർ മന്ത്രിക്ക് നിവേദനങ്ങൾ കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.ബാബു എം.എൽ എ ഓൺലൈനായി പങ്കെടുത്തു. ജില്ലാ കലക്ടർ മൃൺമയി ജോഷി, റവന്യൂ ഡിവിഷണൽ ഓഫീസർ മൻപ്രീത് സിംഗ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വൈൽഡ്ലൈഫ് സർക്കിൾ ഓഫീസർ കെ. വിജയാനന്ദൻ (ഐ.എഫ്.എസ്) സബ് കലക്ടർ ശിഖാ സുരേന്ദ്രൻ, അസിസ്റ്റന്റ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസ്, എൽ.ആർ ഡെപ്യൂട്ടി കലക്ടർ പി. കാവേരിക്കുട്ടി, പാലക്കാട് ഡി എഫ്.ഒ കുറാ ശ്രീനിവാസ്, നെന്മാറ ഡി.എഫ്.ഒ ആർ.ശിവപ്രസാദ്, പറമ്പിക്കുളം ഡി.എഫ്.ഒ വൈശാഖ്, ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനന്റെ പ്രതിനിധി, റവന്യൂ-പട്ടികവർഗ്ഗ -വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.