എറണാകുളം: കേരള വികസന ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായ ജനകീയാസൂത്രണ പ്രസ്ഥാനത്തിൻറെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 17 ന് തുടക്കമാവും. ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ ആണ് രജത ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്. രജത ജൂബിലി ആഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈൻ ആയി നിര്‍വ്വഹിക്കും. ആഗസ്റ്റ് 17 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരെ ആദരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹൈബി ഈഡൻഎം.പി, പി.ടി തോമസ് എം.എല്‍.എ, ജില്ല കളക്ടര്‍ ജാഫര്‍ മാലിക്ക്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് , ജനപ്രതിനിധികൾ, തടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും രജത ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്ഥാപനവും പ്രത്യേകവേദികളില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണ വഴികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും . മുൻ അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിക്കും. കഴിഞ്ഞ 25 വർഷങ്ങളിൽ ജനപ്രതിനിധികൾ ആയി തിരഞ്ഞെടുക്കപ്പെട്ടവരും ഓൺലൈൻ ആയി ചടങ്ങിൽ പങ്കെടുക്കും.