പേരാണ്ടൂർ കനാലിന്റെ ശുചീകരണ പ്രവർത്തികൾ ചൊവ്വാഴ്ച ആരംഭിക്കും

എറണാകുളം : കൊച്ചി നഗരത്തെ വെള്ളത്തിൽ മുക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടികൾ ആരംഭിച്ച് ജില്ലാ ഭരണകൂടവും മേജർ ഇറിഗേഷൻ വകുപ്പും. നടപടികളുടെ ആദ്യ ഘട്ടമായി തേവര -പേരാണ്ടൂർ കനാലിലെ ഖര മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ ചൊവ്വാഴ്ച രാവിലെ 8.45 ന് കോർപറേഷൻ മേയർ എം. അനിൽ കുമാർ ഉത്‌ഘാടനം ചെയ്യും. ജില്ലയിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ മാലിന്യ നിക്ഷേപം ബോധ്യപ്പെട്ട സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ക്യാമറകളും സ്ഥാപിക്കുകയും ചെയ്യും.

പേരാണ്ടൂർ കനാൽ, കാരണക്കോടം തോട്, ചങ്ങാടംപോക്ക് തോട്, മുല്ലശേരി കനാൽ, രമേശ്വരം കനാൽ, പുഞ്ചത്തോട്, ഇടപ്പള്ളി തോട് എന്നിവക്ക് കുറുകെയുള്ള അനധികൃത നിർമാണങ്ങളും മാലിന്യ നിക്ഷേപവുമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. ചിലവന്നൂർ തോട് മുറിഞ്ഞു കാരണക്കോടം, ചങ്ങാടംപോക്ക് തോടുകൾ രൂപപ്പെട്ടതോടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടു. ഇതോടൊപ്പം പല സ്ഥലങ്ങളിലും തോടിന്റെ വീതി കാര്യമായി കുറഞ്ഞു. മുല്ലശേരി കനലിന്റെ വീതി കുറയുകയും അടിത്തട്ട് ഉയരുകയും ചെയ്തതോടെ വെള്ളം പൊങ്ങി. രമേശ്വരം കനാൽ പല ഭാഗങ്ങളിലും ശോഷിച്ചു. പുഞ്ചത്തോടിന് കുറുകെ നടന്ന നിർമാണ പ്രവർത്തനങ്ങൾ മൂലം ഒഴുക്ക് സാരമായി കുറഞ്ഞു.

നവീകരണ പ്രവർത്തനങ്ങൾക്ക് പുറമെ കനാലുകളിലേക്ക് തുറക്കുന്ന രീതിയിൽ ഉള്ള മാലിന്യ കുഴലുകൾ എത്രയും വേഗം നീക്കം ചെയ്യാനും ജല സേചന വകുപ്പ് നോട്ടീസ് നൽകും