മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈനിന്റെ സഹകരണത്തോടെ ‘ബാലസൗഹൃദ പഞ്ചായത്ത്’ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മലിന് നല്‍കി നിര്‍വഹിച്ചു. പദ്ധതിക്കായി മികച്ച ലോഗോ രൂപകല്‍പ്പന ചെയ്ത പി. ഹാകിഫിനെ അനുമോദിച്ചു.

കിലയുടെ ‘ബാല സൗഹൃദ തദ്ദേശസ്വയംഭരണം’ എന്ന ആശയത്തിന്റെ മര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പഞ്ചായത്തിലെ കുട്ടികള്‍ക്ക് ആവശ്യമായ പദ്ധതികളും സേവനങ്ങളും സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വര്‍ഷവും കുട്ടികള്‍ക്കായി പ്രത്യേകം പദ്ധതികളും പ്രവര്‍ത്തങ്ങളും ആവിഷ്‌ക്കരിച്ച് അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വിവിധ സംവിധാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. മലപ്പുറം ചൈല്‍ഡ്‌ലൈനാണ് പദ്ധതികാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.വി.മനാഫ്, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീല്‍ കുന്നക്കാട്, സ്ഥിരം സമിതി അംഗങ്ങളായ സി.കെ അനീസ് ബാബു, ഫാത്തിമ അന്‍വര്‍, ആയിഷാബീ ടീച്ചര്‍, വാര്‍ഡ് അംഗങ്ങളായ എ. കെ.നവാസ്, ആരിഫാ കണ്ണാടിക്കുന്ന്, സി.ഡബ്ള്യൂ.സി മലപ്പുറം ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി, മൊറയൂര്‍ പഞ്ചായത്ത് സെക്രട്ടറി എം.മജീദ്, ചൈല്‍ഡ്ലൈന്‍ ചെന്നൈ സി.ഐ.എഫ് പ്രോഗ്രാം ഓഫീസര്‍ എംപി മുഹമ്മദ് അലി, ചൈല്‍ഡ്ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.പി സലീം, ചൈല്‍ഡ്ലൈന്‍ കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.