എറണാകുളം: ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധം കേരളത്തിൽ അധികാരവികേന്ദ്രീകരണം സാധ്യമാക്കാൻ ജനകീയാസൂത്രണത്തിന് സാധിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജനകീയ ആസൂത്രണത്തിന്റെ എറണാകുളം ജില്ലാതല രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ വലിയ പുരോഗതി ജനകീയാസൂത്രണത്തിലൂടെ സാധ്യമായി. ഉത്പാദന, കാർഷിക , പൊതുജനാരോഗ്യ മേഖലകൾ ശക്തിപ്പെട്ടു. പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിന്റെ സവിശേഷ മാതൃക വിജയിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നടപടികൾക്കൊപ്പം പ്രാദേശീയ ഭരണ സമിതികളുടെ ജനകീയ ഇടപെടലുകൾക്ക് നിർണായക പങ്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിസന്ധി ഘട്ടങ്ങളിൽ എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലാഭരണകൂടത്തിനൊപ്പം ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടെന്നും മന്ത്രി പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും സ്ത്രീകളെയും മുന്നോട്ട് കൊണ്ടുവരുവാൻ ജനകീയ ആസൂത്രണത്തിന് സാധിച്ചു. നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി ജനകീയ ആസൂത്രണ സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.പി.ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എം.പി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മലിക്, എന്നിവർ പ്രസംഗിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു.