ജൈവഗ്രാം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറു തോണിയില്‍ ഒരുക്കിയ ഓണോത്സവം വിപണനമേള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മണ്ണില്‍ കനകം വിളയിക്കുന്ന കര്‍ഷകര്‍കരെ ആദരിക്കുന്നതിലൂടെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം മനസിലാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലും പ്രതിസന്ധി നേരിട്ടപ്പോള്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടന്നത് കാര്‍ഷിക മേഖലയിലാണ്. തരിശ് ഭൂമിയിലടക്കം കൃഷിയിറക്കാന്‍ സാധിച്ചു. കാര്‍ഷിക മേഖലക്ക് ഉണര്‍വുണ്ടാക്കാന്‍ സാധിക്കുന്നതിലൂടെയാണ് നാടിന്റെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്ക് വഴി തെളിയുന്നതെന്നും വിപണന മേള ഉദ്ഘാടനം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാര്‍ഷിക വികസനം ലക്ഷ്യമാക്കി കൃഷി – ജലസേചനം – വൈദ്യുതി – സഹകരണം തുടങ്ങി വിവിധ വകുപ്പുകള്‍ സംയുക്തമായി കാര്‍ഷിക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ടോക്കിയോ ഒളിമ്പിക്‌സിന് അഭിവാദ്യമര്‍പ്പിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വിവിധ സ്‌പോര്‍ട്‌സ് അക്കാദമികളില്‍ കായിക പഠനം നടത്തുന്ന ജില്ലയിലെ കായിക വിദ്യാര്‍ത്ഥികള്‍ക്കുള്ള മില്‍മയുടെ പോഷകാഹാര കിറ്റിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് 17 മുതല്‍ 20 വരെയാണ് വിപണന മേള നടത്തുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ്, പച്ചക്കറി സ്റ്റാള്‍, ടീസ്റ്റാള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കുടുംബശ്രീ ഉത്പന്നങ്ങള്‍, ഖാദി തുണിത്തരങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, വളര്‍ത്ത് മത്സ്യങ്ങള്‍, പായസമേള, പച്ചക്കറി തൈകള്‍ തുടങ്ങി നിരവധി ഇനങ്ങള്‍ വിപണന മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ചെറുതോണി ജൈവഗ്രാം സൊസൈറ്റി അങ്കണത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ജൈവഗ്രാം സൊസൈറ്റി പ്രസിഡന്റ് സി.വി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, പ്രഭ തങ്കച്ചന്‍, നിമ്മി ജയന്‍, തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റന്‍, വാഴത്തോപ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി സബീഷ്, സഹകരണ വകുപ്പ് ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ ദിനേശ് വി.ജി, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് സാജന്‍ കുന്നേല്‍, വ്യാപര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.