ഇടുക്കി: എല്ലാ കാര്‍ഷിക വിളകള്‍ക്കും ജലസേചനം ഉറപ്പാക്കി ആഭ്യന്തര ഉത്പാദന മേഖലയില്‍ മികച്ച മാറ്റം കൊണ്ട് വരാന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ മുരിക്കാശേരിയില്‍ സംഘടിപ്പിച്ച ജില്ലാതല കര്‍ഷക ദിനചാരണത്തിന്റെയും ഓണച്ചന്തകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണ് കര്‍ഷകര്‍. കാര്‍ഷിക മേഖലയെ പുഷ്ടി പ്പെടുത്താന്‍ ജലസേചന വകുപ്പ് കാര്‍ഷിക – കൃഷി വകുപ്പുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് ഇന്നിന്റെ അനിവാര്യം. സുഭിക്ഷ പദ്ധതിയിലൂടെ ഹെക്ടര്‍ കണക്കിന് തരിശ് ഭൂമിയിലാണ് ഈ വര്‍ഷം മികച്ച രീതിയില്‍ കൃഷി ചെയ്യാന്‍ സാധിച്ചത്. കര്‍ഷകര്‍ക്കായി വിവിധ കര്‍മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 22 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 4 ലക്ഷത്തോളം ഹെക്ടറിൽ ഇറിഗേഷന്‍ ലഭ്യമാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായിരുന്നു. മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കൃഷിയെന്നും മനുഷ്യ ജീവന്റെ നിലനില്‍പ് തന്നെ കൃഷിയിലാണെന്നും പ്രസിഡന്റ് പറഞ്ഞു. കൃഷി ലാഭകരമാക്കുന്നതിനും കര്‍ഷകന് നഷ്ടം വരാത്ത രീതിയില്‍ വിറ്റഴിക്കാനുള്ള സൗകര്യവും നാണ്യ വിളകളുടെ ഉത്പാദനത്തിനും മികച്ച പ്രോത്സാഹനമാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി കര്‍ഷക ദിന സന്ദേശം ഓണ്‍ലൈനായി നല്‍കി.
ചടങ്ങില്‍ ജില്ലയിലെ മികച്ച കര്‍ഷകരെ മന്ത്രി ആദരിച്ചു. മികച്ച നെല്ല് – സമ്മിശ്ര കര്‍ഷകന്‍ സണ്ണി കിഴക്കേഭാഗം, മികച്ച യുവ കര്‍ഷകന്‍ ഷിനു മടമ്പള്ളിക്കുന്നേല്‍, മികച്ച വനിത കര്‍ഷക സ്വപ്ന ഷാജി, മികച്ച കര്‍ഷക തൊഴിലാളി പൗലോസ്, മികച്ച പട്ടികജാതി പട്ടികവര്‍ഗ കര്‍ഷകന്‍ ശിവന്‍ കുളമറ്റത്തില്‍, മികച്ച വിദ്യാര്‍ത്ഥി കര്‍ഷകന്‍ സഞ്ജീവ് സജി, മികച്ച അസിസ്റ്റന്റ്കൃഷി ഓഫീസറായി സംസ്ഥാന അവാര്‍ഡ് ലഭിച്ച മുരിക്കാശ്ശേരി സ്വദേശിനി സൂസന്‍ ബഞ്ചമിന്‍ എന്നിവരെ ആദരിച്ചു.
തുടര്‍ന്ന് മുരിക്കാശ്ശേരി സഹകരണ ബാങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ പരിപാടിയില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എലിസബത്ത് പൊന്നൂസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാംസ്‌കാരിക നേതാക്കള്‍, വികസന സമിതി അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.