തൃശ്ശൂർ:  കാർഷിക, പരമ്പരാഗത, ചെറുകിട വ്യവസായ മേഖലകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ജില്ലാതല രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ നേട്ടങ്ങൾ, പോരായ്മകൾ എന്നിവ ചർച്ച ചെയ്യാൻ ഈ അവസരം ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ ഈ പദ്ധതികൾക്ക്  കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകൾ അവർക്ക് യോജിക്കുന്ന ഫണ്ടുകൾ ശരിയായി വിനിയോഗിക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കണം. കാലതാമസമില്ലാതെ ജനങ്ങൾക്ക് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയണം. കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകൾക്ക് അധീതമായി അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ മുൻ പ്രസിഡൻ്റുമാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം. 25 വർഷത്തെ ജില്ലാ വികസന രേഖ അവതരണം ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.