പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റൽ കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ചു. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുളള ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തിൽ 30 ഏക്കറും രണ്ടാംഘട്ടത്തിൽ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാൻ ജപ്പാൻ കമ്പനിയായ നിസാന് അനുവാദം നൽകിയിട്ടുളളത്.

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങൾക്ക് വേണ്ടിയുളള ഗവേഷണവും സാങ്കേതിക വികസനവുമാണ് നിസാൻ ഡിജിറ്റൽ ഹബ്ബിൽ നടക്കുക. നിസാൻ, റെനോൾട്ട്, മിത്‌സുബിഷി തുടങ്ങിയ വാഹനനിർമ്മാണ കമ്പനികൾക്കുവേണ്ടിയാണ് ഫ്രാങ്കോ-ജപ്പാൻ സഹകരണ സംരംഭമായ നിസാൻ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നത്. ടെക്‌നോപാർക്ക് മൂന്നാംഘട്ടത്തിലെ ഗംഗ-യമുനാ കെട്ടിട സമുച്ചയത്തിൽ 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടൻ പ്രവർത്തനം ആരംഭിക്കാനാണ് നിസാൻ ഉദ്ദേശിക്കുന്നത്. ടെക്‌നോസിറ്റിയിലെ ഐ.ടി. കെട്ടിട സമുച്ചയം പൂർത്തിയാകുമ്പോൾ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേർക്ക് നേരിട്ടും പതിന്മടങ്ങ് പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൊഗ്നിറ്റിവ് അനലക്ടിസ്, മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ടെക്‌നോസിറ്റിയിൽ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാമേഖലയ്ക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാൻ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുക.

സാങ്കേതിക വിദ്യാരംഗത്തെ ഏറ്റവും പുതിയ പ്രവണതകളുടെ സങ്കേതകമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി ഐ.ടി വകുപ്പ് വിഭാവനം ചെയ്ത നോളജ് സിറ്റി നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ വരവോടെ യാഥാർഥ്യമാവുകയാണെന്ന് ടെക്‌നോപാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറഞ്ഞു. കൂടുതൽ ആഗോള കമ്പനികളുടെ വരവിന് ഇത് തുടക്കമാവും. ഈ മാസം അവസാനമോ ജൂലൈ ആദ്യവാരമോ നിസാനുമായുളള ധാരണാപത്രത്തിൽ ഒപ്പു വെക്കുമെന്നും ഋഷികേശ് നായർ അറിയിച്ചു.

ഐ.ടി. വിദഗ്ധരുടെ സാന്നിധ്യം, മികച്ച ജീവിത സാഹചര്യങ്ങൾ, വിമാനത്താവളവുമായുളള സാമീപ്യം, ട്രാഫിക് കുരുക്കില്ലാത്ത ഹരിത നഗരം, ഇവിടെനിന്നും വളർന്നു വിജയിച്ച കമ്പനികളുടെ അനുഭവം, സർക്കാർ തലത്തിൽ നിന്നുളള പിന്തുണ തുടങ്ങിയവയാണ് ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കാൻ പ്രേരണയായതെന്ന് നിസാൻ അധികൃതർ അറിയിച്ചു. ആസ്ഥാനമായ ജപ്പാനിലെ യോക്കോഹാമ, ചൈന, പാരിസ്, അമേരിക്കയിലെ നാഷ്‌വിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റൽ ഹബ്ബുകൾ ഉളളത്.

കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ സ്വീകരിച്ച പുതിയ നയമാണ് നിസാനെ ബഹുരാഷ്ട്ര കമ്പനിയെ കേരളത്തിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് രൂപീകരിച്ച ഹൈപവർ ഐ.ടി. കമ്മിറ്റിയുടെ രൂപീകരണവും അതിന്റെ തുടർച്ചയായ ശ്രമങ്ങളുമാണ് ഇപ്പോൾ ഫലം കണ്ടത്. ഇൻഫോസിസ് സഹ സ്ഥാപകരിൽ ഒരാളായ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തിൽ ഉന്നത ഐ.ടി. വിദഗ്ധർ അടങ്ങിയ 12 അംഗ സംഘമാണ് ഹൈപവർ ഐ.ടി. കമ്മിറ്റിയിലുളളത്.

കമ്മിറ്റി അംഗങ്ങളായ ഐ.ടി. വിദഗ്ധർ അവരുടെ വ്യക്തിപ്രഭാവവും ബന്ധങ്ങളും പരമാവധി ഉപയോഗപ്പെടുത്തി വലിയ ഐ.ടി. കമ്പനികളെയും നിക്ഷേപകരേയും കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഹൈപവർ കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് 2018 മാർച്ച് 18-ന് ഐ.ടി. സെക്രട്ടറി എം.ശിവശങ്കർ, കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ചെയർമാൻ കെ.എം. എബ്രഹാം, സംസ്ഥാന ഐ.ടി. പാർക്കുകളുടെ സി.ഇ.ഒ. ഋഷികേശ് നായർ തുടങ്ങിയവർ ജപ്പാനിലെ യോക്കോഹാമയിലുളള നിസാൻ ഹെഡ് ക്വോർട്ടേഴ്‌സ് സന്ദർശിച്ച് നിസാൻ അധികാരികളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് നിസാൻ മേധാവികൾ തിരുവനന്തപുരത്ത് വന്ന് മുഖ്യമന്ത്രിയുമായും പ്രധാന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് വ്യവസായം തുടങ്ങാൻ നിസാൻ തീരുമാനിച്ചത്.

ടെക്‌നോളജി വ്യവസായത്തിന്റെ കേന്ദ്രമായ ജപ്പാനിൽ നിന്നുളള സംരംഭം കിഴക്കനേഷ്യൻ രാജ്യങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിസാനും റെനോൾട്ടും മിത്‌സുബിഷിയും ചേർന്ന് 2022 നകം 17 ഇലക്ട്രിക് കാറുകളുടെ മോഡൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 14 ദശലക്ഷം ഡോളർ വാർഷിക വിൽപ്പനയാണ് ലക്ഷ്യം.