സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിലമ്പൂരില്‍ സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടി ശ്രദ്ധേയമായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ജില്ലാ ഘടകവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ പാലക്കയം ആദിവാസി കോളനിയില്‍ സ്വാതന്ത്ര്യത്തിന്റേയും ഐക്യത്തിന്റേയും സന്ദേശങ്ങള്‍ പകര്‍ന്ന് സംഘടിപ്പിച്ച പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
പി.വി. അബ്ദുള്‍ വഹാബ് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. പഠന രംഗത്ത് മികവ് പുലര്‍ത്തിയവരെ ഉപഹാരം നല്‍കി അനുമോദിച്ചു. കോളനി വാസികള്‍ക്ക് ഓണക്കോടികളും വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ്, ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പി. റഷീദ് ബാബു, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, വാര്‍ഡ് മെമ്പര്‍ ബീനാ ജോസഫ്, തഹസില്‍ദാര്‍ രഘുനാഥ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.