ആന്ധ്രാപ്രദേശിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുവേണ്ടി കൊല്ലം ജില്ലയില്‍നിന്നും നല്‍കുന്നത് 9750 ബാലറ്റ് പെട്ടികള്‍.  വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കുന്ന പെട്ടികള്‍ക്ക് വോട്ടിംഗ് മെഷീന്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഉപയോഗമില്ലാതായതിനെത്തുടര്‍ന്ന്  കൊല്ലം താലൂക്ക് ഓഫിസിനോട് ചേര്‍ന്നുള്ള ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആന്ധ്രയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും നിര്‍ദേശിച്ചതനുസരിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും പെട്ടികള്‍ ആന്ധ്രയിലേക്ക് നല്‍കുന്നുണ്ട്.
ആന്ധ്രപ്രദേശിലെ ഈസ്‌റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിലെ ആവശ്യത്തിനാണ് കൊല്ലത്തുനിന്നും ട്രക്കുകളില്‍ പെട്ടികള്‍ കൊണ്ടുപോകുന്നത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍.ഗോപാലകൃഷ്ണന്റെ നേതൃത്ത്വത്തിലാണ്  ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ഈസ്റ്റ് ഗോദാവരി ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയ മൂന്ന് ഉദ്യോഗസ്ഥരും കൊല്ലത്തു എത്തിയിട്ടുണ്ട്.