എറണാകുളം മാറാടി കീരമ്പാറ പഞ്ചായത്തുകള്‍ക്ക് പിന്നാലെ 18വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ എത്തിച്ചു നല്‍കി മൂക്കന്നൂര്‍ പഞ്ചായത്തും. കീരമ്പാറ, മാറാടി പഞ്ചായത്തുകള്‍ക്ക് ശേഷം 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിൻ എത്തിച്ചു നല്‍കിയ മൂന്നാത്തെ പഞ്ചായത്ത് ആയി മാറിയിരിക്കുകയാണ് മൂക്കന്നൂര്‍.
ഔട്ട് റീച്ച് കേന്ദ്രങ്ങള്‍ വഴി കൂടുതല്‍ ആളുകളിലേക്ക് വാക്സിൻ എത്തിച്ചു നല്‍കാൻ സാധിച്ചതാണ് മൂക്കന്നൂര്‍ പഞ്ചായത്തിലും വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കാൻ സഹായകരമായത്. ആശ പ്രവര്‍ത്തകര്‍ വഴി വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക കൂടി ചെയ്തതോടെ വാക്സിനു വേണ്ടി സ്ലോട്ട് ലഭിക്കാത്തവര്‍ക്കും വാക്സിൻ ലഭ്യമാക്കാൻ സാധിച്ചു. കൂടാതെ ക്യാംപുകള്‍ വഴി മുൻഗണന ആവശ്യമുള്ളവര്‍ക്കും വാക്സിൻ ലഭ്യമാക്കി.
ജില്ലയിലെ ബാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ആദ്യ ഡോസ് വാക്സിൻ പൂര്‍ണമായിഎത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും. ജനസംഖ്യ അനുപാതികമായി കൂടുതല്‍ വാക്സിൻ ആവശ്യമുള്ള സ്ഥലങ്ങളില്‍ ലഭ്യതക്കനുസരിച്ച് വാക്സിൻ എത്തിച്ചു നല്‍കിയാണ് നിലവിലെ പ്രവര്‍ത്തനം. ജില്ലയില്‍ 23,29,686 പേര്‍ക്കാണ് ഇതുവരെ ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കിയിട്ടുള്ളത്.