ടൂറിസത്തിന്റെ വികസന സാധ്യതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേന്ദ്രമാണ് മുസിരിസെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അഴീക്കോട് മുസിരിസ് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യാധുനികവും അടിസ്ഥാന സൗകര്യങ്ങളുമുള്ള ബീച്ചായി മുനയ്ക്കലിനെ മാറ്റുകയാണ്. ബീച്ചില്‍ നിലവിലുള്ള സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. ബീച്ചിന്റെ വികസനത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. പ്രദേശത്തിന്റെ പ്രത്യേകതയും ചരിത്രവും കണക്കിലെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇ ടി ടൈസണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, പഞ്ചായത്ത് അംഗം സുമിത ഷാജി, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുത്തു.