കല്‍പ്പറ്റ: ഭാഷയും സാഹിത്യവും വളരുന്നത് നല്ല ആസ്വാദകരുടെ ഇടയിലൂടെയാണെന്ന സന്ദേശം വിളിച്ചോതി ജില്ലാ വായനാ വാരാഘോഷത്തിന് സമാപനം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തോടെയാണ് ഒരാഴ്ച്ചക്കാലം നീണ്ടുനിന്ന വിവിധ പരിപാടികള്‍ക്ക് സമാപനമായത്. സന്തോഷ് എച്ചിക്കാനത്തിന്റെ പ്രസിദ്ധമായ ബിരിയാണി എന്ന ചെറുകഥയാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്നായിരുന്ന മത്സരം സംഘടിപ്പിച്ചത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ മത്സരത്തില്‍ അര്‍ച്ചന കുടുംബശ്രീ യൂണിറ്റിലെ സുജ സുനില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാം പാഴാക്കുന്ന ഓരോ വറ്റും വിശപ്പിനാല്‍ മരിച്ചുവീഴുന്നവരുടെ കണ്ണീരാണ് നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും ധൂര്‍ത്തന്‍മാരുടെ ലോകം കുഴിവെട്ടി കൂട്ടുന്ന ഗോപാല്‍യാദവും വിശപ്പാല്‍ മരിച്ച അയാളുടെ മകള്‍ ബസ്മതിയും വര്‍ത്തമാന ഇന്ത്യയുടെ നിത്യക്കാഴ്ചകളായി മാറിയിരിക്കുകയാണെന്നും സുജ സുനില്‍ ആസ്വാദനത്തിലൂടെ അവതരിപ്പിച്ചു. നവജ്യോതി കുടുംബശ്രീ യൂണിറ്റിലെ ബിന്ദു ബാബു രണ്ടാം സ്ഥാനവും സനേഹ കുടുംബശ്രീയിലെ ബിന്ദു രാജന്‍ മൂന്നാം സ്ഥാനവും നേടി. പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.ജി സജേഷ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി. ഹാരീസ്, ഉഷ ആനപ്പാറ, ആസ്യ ചേരാപുരത്ത്, സിന്ധു പുറന്തോട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ എം. ദിവാകരന്‍ മത്സരാര്‍ത്ഥികള്‍ക്കായി ചെറുകഥ വായിച്ചു കൊടുത്തു.
