* തടസ രഹിത (ബാരിയര്‍ ഫ്രീ) കേരള ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും 2021 ഓടെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്നു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തടസരഹിത (ബാരിയര്‍ഫ്രീ) കേരള ടൂറിസം പദ്ധതിയും ടൂറിസം പ്രാപ്യതാ (അക്‌സസിബ്ള്‍ ടൂറിസം) ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാരീരിക വൈഷമ്യങ്ങളുള്ള ദേശീയ അന്തര്‍ദേശീയ ടൂറിസ്റ്റുകള്‍ക്കും വയോജനങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനും സന്ദര്‍ശനം നടത്താനും ഉതകുന്ന വിധത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയായി മാറിയിരിക്കുന്ന കേരളത്തിലെ വിനോദ സഞ്ചാരമേഖളലയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കി വരികയാണ്. ഇതിന്റെ ഭാഗമായി കേരള ടൂറിസത്തെ റീ ബ്രാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ പക്ഷത്തുനിന്നുള്ള പരിസ്ഥിതിയും വികസനവും കൈകോര്‍ക്കുന്ന ടൂറിസം നയത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, സംസ്ഥാന ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, കെടിഡിസി സിഎംഡി കെ.ജി. മോഹന്‍ലാല്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, അഡ്വഞ്ചര്‍ ടൂറിസം സിഇഒ മനേഷ് ഭാസ്‌കര്‍, ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം രവിശങ്കര്‍ കെ.വി, അഭിജിത് മുരുഗ്കര്‍, കവിത മുരുഗ്കര്‍ സൈമണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.