കാൽനൂറ്റാണ്ട് തികയുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് പഴയന്നൂർ ബ്ലോക്കിൽ തുടക്കം. സംസ്ഥാനത്ത് 1996ൽ ആരംഭം കുറിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷ പരിപാടികളാണ് പഴയന്നൂർ ബ്ലോക്കിൽ തുടക്കമിട്ടത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങുകൾ കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എം അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 25 വർഷക്കാലം ജനകീയാസൂത്രണത്തിൽ ഭാഗമായി പ്രവർത്തിച്ച എല്ലാ മുൻ ഭരണസമിതി അംഗങ്ങളെയും ആദരിച്ചു. ജനകീയാസൂത്രണത്തിന്റെ നാൾവഴികളുടെ തുള്ളൽ ആവിഷ്കാരം വജ്രജൂബിലി കലാകാരിയായ കലാമണ്ഡലം ആര്യ മദനസുന്ദരൻ അവതരിപ്പിച്ചു. പ്രസ്ഥാനത്തിന്റെ ആരംഭഘട്ടം മുതൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം വി സുചിത്ര, അരുൺ കാളിയത്ത്, ബ്ലോക്ക് അംഗങ്ങളായ പി എം അനീഷ്, ഗീതാ രാധാകൃഷ്ണൻ, സിന്ധു, ഷിജിത, ആശാദേവി, ലത സാനു, പ്രേംദാസ്, നൗഫൽ എന്നിവർ പങ്കെടുത്തു.
