കാക്കനാട്:  സമൂഹപുരോഗതിക്കുള്ള വേറിട്ട പദ്ധതികളുടെ നടത്തിപ്പിലൂടെ ജില്ലാ ഭരണകൂടം ‘സ്‌കോച്ച്’ ദേശീയ പുരസ്‌കാരം കരസ്ഥമാക്കി.  ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന 52ാമത് സ്‌കോച്ച് ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്.   ഇതരസംസ്ഥാന കുട്ടികള്‍ക്ക് സ്‌കൂള്‍പഠനം സാധ്യമാക്കുന്ന ‘റോഷ്‌നി,  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് സാക്ഷരത നല്‍കുന്ന ‘ഇ-ജാഗ്രത’ പദ്ധതികളാണ് ജില്ലയ്ക്ക് നേട്ടമായത്.  ‘റോഷ്‌നി’ പൈലറ്റ് പ്രോജക്ട് വിഭാഗത്തിലും ഇ-ജാഗ്രത’ തുടര്‍പ്രവര്‍ത്തന വിഭാഗത്തിലും പുരസ്‌കാരത്തിന് അര്‍ഹത നേടി.   ജീവകാരുണ്യ സ്ഥാപനമായ ‘സ്‌കോച്ച് ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.  രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സ്വതന്ത്ര സിവിലിയന്‍ ബഹുമതിയാണിത്.   സര്‍ക്കാര്‍ സ്ഥാപനങ്ങളോ  ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍  സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ നടത്തുന്ന വേറിട്ട സമഗ്ര പദ്ധതികള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക.
ജില്ലയില്‍ ജോലി തേടിയെത്തുന്ന ഇതരസംസ്ഥാനക്കാരുടെ മക്കള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് ‘റോഷ്‌നി’ പദ്ധതി.  വിവിധ ഭാഷകള്‍ സംസാരിക്കുന്ന കുട്ടികളെ ഒരേ ക്ലാസ്സിലിരുത്തി മലയാളത്തില്‍ അധ്യയനം നടത്തും.  ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഈ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉറപ്പാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിന് ഇന്റര്‍നെറ്റിലെ ചതിക്കുഴികളും പാഠ്യമേഖലയില്‍ പ്രയോജനപ്പെടുത്താവുന്ന വ്യത്യസ്ത വശങ്ങളും ഉള്‍ക്കൊള്ളിച്ച് പ്രത്യേകം വിഭാവനം ചെയ്തതാണ് ‘ഇ-ജാഗ്രത’ പദ്ധതി.  ഇതു പ്രകാരം ജില്ലയിലെ 151 സ്‌കൂളുകളില്‍ രണ്ടു വീതം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.  വിദ്യാര്‍ത്ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും ഒരാളെ വീതമാണ് വളണ്ടിയറായി തെരഞ്ഞെടുക്കുക.  ഇവര്‍ക്ക്  ടി.സി.എസ്. സിലബസ് പ്രകാരം പരിശീലനം നല്‍കും.  ടി.സി.എസ്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വളണ്ടിയര്‍മാര്‍ അതത് സ്ഥാപനത്തില്‍ ക്ലാസ്സെടുക്കും.  തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയും നടത്തും.  ഇതോടെ ഓരോ വിദ്യാര്‍ത്ഥിയ്ക്കും ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം സംബന്ധിച്ച് അറിവു ലഭിക്കും.    ‘ഇ-ജാഗ്രത’ മുമ്പും ദേശീയതലത്തില്‍ രണ്ട് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.  ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസ് അവാര്‍ഡ് ഏറ്റുവാങ്ങി.