കൊച്ചി: സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് കാർഡ് ഉപഭോക്താക്കൾക്കു ഓണത്തലേന്നു വരെ ലഭ്യമാക്കിയതായി സപ്ലൈകോ കൊച്ചി ഡിപ്പോ മാനേജർ അറിയിച്ചു. മുഴുവൻ റേഷൻ കടകളിലും വിതരണത്തിനായി കിറ്റുകൾ ലഭ്യമാക്കിയിരുന്നു. കടകളിലെത്തിയ ആരും തന്നെ കിറ്റുകൾ ലഭ്യമാകാതെ മടങ്ങിയിട്ടില്ല. 75 ശതമാനം കിറ്റുകളും വിതരണം പൂർത്തിയാക്കി. ഗുണനിലവാരത്തിലോ തൂക്കത്തിലോ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത് സാധ്യമായത്. കിറ്റിലേക്ക് ലഭിക്കാതിരുന്ന ഇനങ്ങൾക്കു പകരമാണ് തുല്യമൂല്യമുള്ള മറ്റ് സാധനങ്ങൾ ഉൾപ്പെടുത്തിയത്. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്. സാധനങ്ങളെല്ലാം തന്നെ കർശന ഗുണനിലവാര പരിശോധന പൂർത്തിയാക്കിയാണ് നൽകിയത്. ഈ സാഹചര്യങ്ങളിൽ ഡിപ്പോക്കെതിരെ സമൂഹ മാധ്യമത്തിൽ വന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മാനേജർ അറിയിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജർ പറഞ്ഞു.
