കോന്നി ഗവ.മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റി പ്രവര്‍ത്തനം സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, എല്ലാ വകുപ്പ് മേധാവികളും പങ്കെടുത്ത് മെഡിക്കല്‍ കോളജില്‍ ഉന്നതതല യോഗവും ചേര്‍ന്നു. കാഷ്വാലിറ്റി, ഐസിയു, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കാന്‍ പോകുന്നത്.
കോവിഡ് വാര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച സാഹചര്യത്തില്‍ കിടത്തി ചികിത്സയും പുനരാരംഭിക്കും. കാഷ്വാലിറ്റി വിഭാഗത്തില്‍ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ നാലു വിഭാഗങ്ങള്‍ ഉണ്ടാകും. ട്രയാജിലേക്കാകും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിന്റെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി എവിടേയ്ക്ക് മാറ്റണമെന്നു തീരുമാനിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കും, ക്ഷതമേറ്റിട്ടുള്ളവരുള്‍പ്പടെയുള്ള രോഗികളെ യെല്ലോയിലേക്കും, തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കുമാണ് മാറ്റുക.
എല്ലാ വിഭാഗവും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ ഭൂരിപക്ഷവും നിയമിതരായിട്ടുണ്ട്. ഇനിയും ആവശ്യമുള്ള 15 ജൂനിയര്‍ റസിഡന്റുമാരെ ഉടന്‍ നിയമിക്കും.
ഓപ്പറേഷന്‍ തീയറ്ററിലേക്ക് ആവശ്യമായ അനസ്‌തേഷ്യാ വര്‍ക്ക് സ്റ്റേഷന്‍, ഓപ്പറേഷന്‍ ടേബിള്‍, ഷാഡോ ലെസ് ലൈറ്റ്, ഡയാടെര്‍മി, ഡീസിബ്രിലേറ്റര്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവയെല്ലാം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഐസിയുവിനായി നാല് വെന്റിലേറ്റര്‍, 12 ഐസിയു ബെഡ്, 50 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൂന്ന് കാര്‍ഡിയാക്ക് മോണിറ്റര്‍, ബെഡ് സൈഡ് ലോക്കര്‍, ബെഡ് ഓവര്‍ ടേബിള്‍ തുടങ്ങിയവയും എത്തിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
ഐപിക്കായി ഓക്‌സിജന്‍ സൗകര്യമുള്ള 120 കിടക്കകള്‍ തയാറാക്കിയിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും ലഭ്യമാക്കായിട്ടുള്ള അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ലൈസന്‍സും ലഭിച്ചു കഴിഞ്ഞതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. സിടി, എംആര്‍ഐ സ്‌കാനിംഗ് മെഷീനുകള്‍, ആറ് മേജര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ തുടങ്ങിയവ ഉടന്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ നടന്നുവരുന്നതായും സൂപ്രണ്ട് പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ നിരന്തര ഇടപെടലാണ് മെഡിക്കല്‍ കോളജ് വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകുന്നതെന്ന് എംഎല്‍എ പറഞ്ഞു. മന്ത്രിയുടെ ഇടപെടലിലൂടെ ആരോഗ്യരംഗത്തെ മികച്ച സേവനമാണ് ജില്ലയിലെ ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ പോകുന്നതെന്നും എംഎല്‍എ പറഞ്ഞു.
യോഗത്തില്‍ എംഎല്‍എയോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമന്‍, സൂപ്രണ്ട് ഡോ. എസ്. സജിത്കുമാര്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.